ഐപിഎൽ ലേലത്തിന് മുമ്പ് വെടിക്കെട്ട് സെഞ്ചുറിയുമായി ശ്രേയസ്,നിരാശപ്പെടുത്തി അർജ്ജുൻ ടെന്‍ഡുൽക്കർ; മുംബൈക്ക് ജയം

ഹൈദരബാദ്: ഐപിഎല്‍ ലേലത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ തകര്‍പ്പൻ സെഞ്ചുറിയുമായി മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍. ഗോവക്കെതിരായ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സടിച്ചപ്പോള്‍ ശ്രേയസ് 57 പന്തില്‍ 11 ഫോറും 10 സിക്സും പറത്തി 130 റണ്‍സുമായി പുറത്താകാതെ നിന്നു. 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവയുടെ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെുക്കാനെ കഴിഞ്ഞുള്ളു. ഗോവക്കായി പന്തെറിഞ്ഞ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ നാലോവറില്‍ 48 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. സ്കോര്‍ മുംബൈ 20 ഓവറില്‍ 250-4, ഗോവ 20 ഓവറില്‍ 224-8

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈവിട്ട ശ്രേയസിനെ ഐപിഎല്‍ ലേലത്തിൽ സ്വന്തമാക്കാൻ ശക്തമായ മത്സരമുണ്ടാകുമെന്നാണ് കരുതുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ശ്രേയസിനെ നോട്ടമിട്ടിരിക്കുന്ന പ്രധാന ടീം. പഞ്ചാബ് കിംഗ്സും ശ്രേയസിനായി രംഗത്തെത്തിയേക്കും. രഞ്ജി ട്രോഫിയിലും മിന്നും ഫോമിലായിരുന്നു ശ്രേയസ്. അതേസമയം ലേലത്തിന് തൊട്ടു മുമ്പ് ഇന്ത്യൻ താരങ്ങളായ അജിങ്ക്യാ രഹാനെക്കും പൃഥ്വി ഷാക്കും തിളങ്ങാനായില്ല. രഹാനെ 13 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പൃഥ്വി ഷാ 22 പന്തില്‍ 33 റണ്‍സെടുത്ത് മടങ്ങി.  24 പന്തില്‍ 41 റണ്‍സെടുത്ത ഷംസ് മുലാനിയാണ് മുംബൈക്കായി തിളങ്ങിയ മറ്റൊരു താരം.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ഇഷാന്‍ ഗഡേക്കര്‍(16 പന്തില്‍ 40) സുയാഷ് പ്രഭുദേശായി(36 പന്തില്‍ 52) വികാശ്(21 പന്തില്‍ 47*) എന്നിവരാണ്  ഗോവക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. അര്‍ജ്ജുന്‍ ടെന്‍‍ഡുല്‍ക്കര്‍ നാലു പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായി. മുംബൈക്കായി ഷാര്‍ദ്ദുല്‍ താക്കൂര്‍ നാലോവറില്‍ 43 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോൾ സൂര്യാൻശ് ഷെഡ്ജെ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

‘ഒട്ടും വേഗതയില്ല, സ്ലോ ബോളാണ് എറിയുന്നത്’, ഹർഷിതിനെ ട്രോളിയ മിച്ചല്‍ സ്റ്റാര്‍ക്കിന് മറുപടിയുമായി ജയ്സ്വാള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin