കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐയുമായി ചേര്‍ന്ന് കോ-ലെന്‍ഡിങ് പങ്കാളിത്തത്തിന് കൊച്ചി ആസ്ഥാനമായുള്ള ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സി-എംഎഫ്‌ഐ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നീക്കങ്ങളാരംഭിച്ചു. 
ഇതിന്റെ ഭാഗമായി എസ്ബിഐ 500 കോടി രൂപ പരിധിയുമായി തുക അനുവദിച്ചു. 100 കോടി രൂപ വീതമുള്ള ഘട്ടങ്ങളായാവും ഇതു നല്‍കുക.  അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങളിലും വരുമാനമുണ്ടണ്‍ാക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജികള്‍) ആയിരിക്കും പ്രാഥമികമായി  ഇതില്‍ പരിഗണിക്കുക.
നിലവില്‍ 20 സംസ്ഥാനങ്ങളിലായി 369 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്‍ ഗ്രാമീണ സംരംഭകര്‍ക്ക് സേവനങ്ങള്‍ വിപുലമായി നല്‍കും വിധമാണ് പ്രര്‍ത്തിക്കുന്നത്. രാജ്യവ്യാപകമായി സേവനങ്ങള്‍ വിപുലീകരിക്കാനാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലക്ഷ്യമിടുന്നത്.
 എസ്ബിഐയുമായുള്ള സഹകരണത്തിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ താങ്ങാവുന്ന വിധത്തില്‍ വായ്പകള്‍ ലഭിക്കും. സമൂഹങ്ങളിലെ മുഴുവന്‍ പേരിലേക്കും സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാനും സ്വയം പര്യാപ്തരാക്കാനും ഇതുവഴി സാധിക്കും.
എസ്ബിഐയുമായുള്ള സവിശേഷമായ ഈ സഹകരണം വഴി വനിതാ സംരംഭകര്‍ക്ക് താങ്ങാനാവുന്ന വിധത്തിലുള്ള വായ്പകള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.
 അവരുടെ ബിസിനസ് വളര്‍ത്താനും ജീവിത മാര്‍ഗം കൂടുതല്‍ വിപുലമാക്കാനുമിത് സഹായിക്കും. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും സാമ്പത്തിക സേവനങ്ങള്‍ക്കായുള്ള ആവശ്യം നിറവേറ്റാനും സമൂഹങ്ങളെ സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ ശാക്തീകരിക്കാനും സ്ഥായിയായ ചലനങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ഈ കോ-ലെന്‍ഡിങ് നീക്കങ്ങള്‍ വിപുലമാക്കി സൂക്ഷ്മ സംരംഭങ്ങളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ മികച്ച പദ്ധതികള്‍ക്ക് അവതരിപ്പിക്കാനും പുതിയ മേഖലകളിലേക്കു കടന്നു ചെല്ലാനും മുത്തൂറ്റ് മൈക്രോഫിന്‍ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരവും അര്‍ത്ഥവത്തായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതുമായ നീക്കങ്ങള്‍ വിപുലീകരിക്കാനുമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും.

By admin

Leave a Reply

Your email address will not be published. Required fields are marked *