കൊച്ചി: സംസ്ഥാന ലാന്‍ഡ് പൂളിംഗ് ചട്ടം 2024-മായി ബന്ധപ്പെട്ട് ജിസിഡിഎ-യും ഇന്‍ഫോപാര്‍ക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്നു. ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎ-യുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് മുന്നോടിയായാണ് ശില്പശാല.
ഇന്‍ഫോപാര്‍ക്ക് തപസ്യ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല വ്യവസായ-നിയമ-കയര്‍വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും പ്രധാന വ്യവസായമായി ഐടി മാറിയിട്ടുണ്ട്. ഐടി ആവാസവ്യവസ്ഥയില്‍ കൊച്ചിയുടെ സ്ഥാനം ഏറ്റവും പ്രധാനമാണ്. അതിനാലാണ് ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ലാന്‍ഡ് പൂളിംഗ് നടത്താനാവുമോയെന്ന കാര്യം ചര്‍ച്ച ചെയ്യുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇത് വിജയകരമായി നടന്നാല്‍ കേരളത്തിനുടനീളം ഇന്‍ഫോപാര്‍ക്ക് മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭൂമിവില, പാരിസ്ഥിതിക മേഖലാ പ്രശ്‌നങ്ങള്‍, ജനസാന്ദ്രത എന്നിവ ഭൂമി ഏറ്റെടുക്കലിന് പ്രായോഗികമായി വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂവുടമയുടെ പൂര്‍ണസമ്മതത്തോടെ ഉപയോഗപ്പെടുത്താവുന്ന ലാന്‍ഡ് പൂളിംഗ് നടപ്പില്‍ വരുത്താനുള്ള സാധ്യത പരിശോധിച്ചത്. അതിനായി കേരള ലാന്‍ഡ് പൂളിംഗ് നിയമവും പാസാക്കി. 
മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ മാതൃകകള്‍ വിശകലനം ചെയ്യുകയും അതില്‍ നിന്ന് കേരളത്തിന്റെ സാഹചര്യത്തിനൊത്ത മാതൃക രൂപപ്പെടുത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് തന്നെ വളരെ കുറച്ച് മാത്രം നടപ്പാക്കിയ ആശയമാണ് ലാന്‍ഡ് പൂളിംഗ് എന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടി. കേരളത്തിലെ ആദ്യ ലാന്‍ഡ് പൂളിംഗിനായി ജിസിഡിഎയെ ആണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ തക്കവണ്ണം കുറ്റമറ്റതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫോപാര്‍ക്ക് രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങളും പൂര്‍ണമായും നിറഞ്ഞ് കഴിഞ്ഞ സാഹചര്യത്തില്‍ പ്രായോഗിക പ്രശ്‌നങ്ങളൊന്നുമില്ലാത്ത മാതൃകാ ഐടി പാര്‍ക്കായി മൂന്നാം ഘട്ടത്തെ മാറ്റാണ് ഉദ്ദേശിക്കുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
ആറ് സുപ്രധാന ഘടകങ്ങളാണ് ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിലുണ്ടാകുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍, ജലവിഭവ സ്വയംപര്യാപ്തത, പൂര്‍ണമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം, കൊച്ചി നഗരം, ദേശീയപാത, റെയില്‍വേ, വിമാനത്താവളം തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി, എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഐടി പാര്‍ക്ക്, കെട്ടിടങ്ങളെയോ ഐടി കമ്പനികളെയോ അലോസരപ്പെടുത്താത്ത അറ്റകുറ്റപ്പണി സംവിധാനം എന്നിവയാണ് ഇവിടെ വിഭാവനം ചെയ്യുന്നതെന്ന് സിഇഒ വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍  മുന്നൂറ് ഏക്കറിലാകും ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട പദ്ധതി നിര്‍മ്മിക്കുന്നത്. ഐടി കമ്പനികള്‍ക്ക് പുറമെ പാര്‍പ്പിട സൗകര്യങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, കായിക-സാംസ്‌ക്കാരിക സംവിധാനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കുമെന്നും സുശാന്ത് കുറുന്തില്‍ പറഞ്ഞു.
കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്‍, എറണാകുളം ജില്ലാകളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ്, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) അബ്ദുള്‍ മാലിക്, ജിസിഡിഎ സീനിയര്‍ ടൗണ്‍ പ്ലാനര്‍ ഷീബ എം എം, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഗുജറാത്തില്‍ നിന്നുള്ള നഗരാസൂത്രണ വിദഗ്ധരായ ഗോപാല്‍ദാസ് ഷാ, രാജേഷ് റാവല്‍, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അതോറിറ്റി അഡിഷണല്‍ കമ്മീഷണര്‍ സുര്യസായി പ്രവീണ്‍ ചന്ദ്, നിയമവിദഗ്ധന്‍ മാത്യു ഇടിക്കുള, തുടങ്ങിയവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. 
ജിസിഡിഎ ഉദ്യോഗസ്ഥര്‍, എറണാകുളം ജില്ലാ ഭരണകൂടം അധികൃതര്‍, തദ്ദേശസ്വയംഭരണം, റവന്യു, ഐടി വകുപ്പകളിലെ ഉദ്യോഗസ്ഥര്‍, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് ഉദ്യോഗസ്ഥര്‍, എന്‍ജിനീയറിംഗ് കോളേജ് പ്രതിനിധികള്‍, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട പദ്ധതിക്കായി എറണാകുളം ജില്ലയില്‍  300 ഏക്കര്‍ സ്ഥലത്ത് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് ജിസിഡിഎ-യെ ചുമതലപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഒക്ടോബറില്‍ ഉത്തരവ് ഇറക്കിയിരുന്നു. 2024-ലെ സര്‍ക്കാര്‍ നിയമം നിലവില്‍ വന്നതിനു ശേഷമുളള ആദ്യത്തെ ലാന്‍ഡ് പൂളിംഗ് പദ്ധതിയാകും ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിനായി നടപ്പാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed