അമ്പേ പാളി അൻവർ, പറഞ്ഞപോലെ ഒന്നും സംഭവിച്ചില്ല, ചേലക്കരയിലെ രാഷ്ട്രീയ നീക്കത്തിൽ വമ്പൻ തിരിച്ചടി

ചേലക്കര: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യാതൊരു ചലനവുമുണ്ടാക്കാനാകാതെ എംഎൽഎ അൻവറിന്റെ പാർട്ടി ഡിഎംകെ. വലിയ അവകാശവാദങ്ങളുമായാണ് ഇരുമുന്നണികൾക്കുമെതിരെ അൻവർ സ്വന്തം സ്ഥാനാർഥി സുധീറിനെ രം​ഗത്തിറക്കിയത്. എന്നാൽ വോട്ടെണ്ണിയപ്പോൾ സുധീർ വളരെ പിന്നിലായി. കോൺ​ഗ്രസിൽ നിന്ന് മറുകണ്ടം ചാടിയാണ് അൻവറിന്റെ പാർട്ടിയിൽ സുധീർ എത്തിയത്. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് തന്റെ സ്ഥാനാർഥിയെ പിന്തുണക്കണമെന്നും അൻവർ കോൺ​ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോൺ​ഗ്രസ് നിഷ്കരുണം അൻവറിന്റെ ആവശ്യം തള്ളി.

എങ്കിലും പാലക്കാട് അൻവർ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി. എൽഡിഎഫിൽ നിന്ന് പിണങ്ങിയാണ് അൻവർ സ്വന്തം പാർട്ടി രൂപീകരിച്ചത്. ചേലക്കരയിലും പാലക്കാടും തന്റെ പാർട്ടി വലിയ സ്വാധീനമുണ്ടാക്കുമെന്നായിരുന്നു അൻവറിന്റെ വാദം. പാലക്കാട് പാർട്ടി പ്രകടനവും നടത്തി. തെരഞ്ഞെടുപ്പ് തോൽവിയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തനാകുമോ എന്ന ആശങ്കയിലാണ് അൻവർ. 

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. ലീഡ് പതിനായിരം കടന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. പ്രദീപിന്‍റെ ഭൂരിപക്ഷം 15000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകൾ ഉറപ്പിക്കുന്നത്. 

Read More… പാലക്കാട് ബിജെപിക്ക് കുറഞ്ഞത് 7000 വോട്ട്: കനത്ത തിരിച്ചടി താമരക്കോട്ടയായ നഗരസഭയിൽ

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. 

Asianet News Live

By admin