ഡല്‍ഹി: ഭാര്യയുടെ അമിതമായ ഭക്തിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പെട്രോള്‍ ഒഴിച്ച് ഭയപ്പെടുത്താനുള്ള ശ്രമത്തിനിടെ തീ പടര്‍ന്ന് കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്.
തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലെ തിരുവെരുമ്പൂരിലാണ് സംഭവം. ഭാര്യ ഹേമ ബിന്ദുവിന്റെ അമിതമായ ഭക്തിയുടെ പേരില്‍ ഭര്‍ത്താവ് രാജേന്ദ്ര പ്രസാദുമായി വഴക്കുണ്ടാവുകയായിരുന്നു. ഭാര്യ കുടുംബത്തെ അവഗണിച്ചുകൊണ്ട് മണിക്കൂറുകളോളം പ്രാര്‍ത്ഥനകളില്‍ മുഴുകുന്നതില്‍ ഭര്‍ത്താവ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ബുധനാഴ്ച രാത്രി 11 മണിക്ക് ബിന്ദു പ്രാര്‍ത്ഥന നടത്തുന്നതിനെ ചൊല്ലി പ്രസാദ് വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഇത്രയും വൈകിയ സമയത്ത് ബിന്ദു പൂജ നടത്തിയതില്‍ പ്രകോപിതനായായിരുന്നു വഴക്ക്.
തുടര്‍ന്നുണ്ടായ വഴക്കില്‍ പ്രസാദ് ഇരുചക്രവാഹനത്തില്‍ ഉപയോഗിക്കാനായി കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു.
ഉടനെ സമീപത്തെ വിളക്കില്‍ നിന്ന് പെട്രോളിന് തീപിടിച്ചു. പ്രസാദും ബിന്ദുവും തീയില്‍ കുടുങ്ങി. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ച മക്കളായ ഗുണശേഖറിനും ഗുരുസാമിക്കും പൊള്ളലേറ്റു.
നാലുപേരെയും ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രസാദിന്റെയും ബിന്ദുവിന്റെയും നില ഗുരുതരമാണ് . സംഭവത്തില്‍ നവല്‍പട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.