ആലപ്പുഴ: 2016- ലെ ഭിന്നശേഷി അവകാശനിയമം സെക്ഷൻ 45 പ്രകാരം പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി നടപടികൾ തുടങ്ങി.
സർക്കാർ ആഫീസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പൗരകേന്ദ്രീകൃതമായ എല്ലാപൊതു സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള സാമൂഹ്യ നീതിവകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു.
അത് പരിഗണിച്ചു സാമൂഹ്യനീതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിലാണ് സംസ്ഥാനത്തെ പൊതുഇടങ്ങൾ ഭിന്നശേഷിസൗഹൃദമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായി പറഞ്ഞിട്ടുള്ളത്.
കേന്ദ്ര സർക്കാർ പദ്ധതിയായ ആക്സബിൾ ഇന്ത്യ കാമ്പൈൻ, സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയായ ബാരിയർ ഫ്രീ കേരളപദ്ധതി എന്നിവ നടപ്പിലാക്കി വരുന്നതായും ബാരിയർ ഫ്രീ കേരളപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആകെ സർക്കാർ ആഫീസുകൾഉൾപ്പെടെ 2255 സർക്കാർ / പൊതുകെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിക്കൊണ്ടിരിക്കുന്നതായും അറിയിച്ചു.
എല്ലാ സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ പൊതുമേഖല സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുവാൻ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയതായും അറിയിക്കുകയുണ്ടായി.
സർക്കാർ ആഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ മുന്നോടിയായി വീൽചെയർ സംവിധാനം ഒരുക്കുവാനും ഭിന്നശേഷി സൗഹൃദശുചിമുറികൾ ആരംഭിക്കുവാനും നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഭിന്നശേഷിക്കാർ അനുഭവിക്കുന്ന എല്ലാവിധ ബാരിയെറുകളും ഇല്ലാതാക്കുന്നതിന് അനുയോജ്യമായ പരിശീലനപരിപാടികൾ സർക്കാർ ജീവനക്കാരുടെ ഇൻഡക്ഷൻ പരിപാടിയിലും ഉൾപ്പെടുത്തുന്നതാണെന്നും സാമൂഹ്യ നീതിവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി അറിയിച്ചു.
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്തിൻ്റെ മൂന്ന് മേഖലകളിൽ സാമൂഹ്യ നീതിവകുപ്പിനുകീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പറയുകയുണ്ടായി.
ബൌദ്ധിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് അവയവങ്ങൾ ഉണ്ടെങ്കിലും അവരുടെ ബൌധിക മാനസിക വ്യവസ്ഥയിൽ വരുന്ന വ്യതിയാനം മൂലം ബയോമേട്രിക് വിവരങ്ങൾ നൽകുന്നതിനുള്ള നടപടികളുമായി സഹകരിക്കാനാവാത്ത പ്രതിസന്ധി ഉണ്ടാകുന്നു.
ഇപ്രകാരം ആധാറിനായി നിലവിലുള്ള നടപടികളുമായി സഹകരിക്കാനാവാത്ത ബൗദ്ധിക മാനസിക അവസ്ഥയിൽ ആയിരിക്കുന്ന വ്യക്തികൾക്കായി പ്രത്യേകമായി സ്വീകരിക്കേണ്ട നടപടികൾ ആരോഗ്യ വിദഗ്ധരും സാങ്കേതിക വിദഗ്ധരുമായി സർക്കാർതലത്തിൽ കൂടിയാലോചിച്ച് ഉചിതമായ ഒരു പരിഹാരമാർഗ്ഗം നിശ്ചയിക്കണമെന്ന് ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായും അറിയിച്ചു.
സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യണമെന്നത് സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമായ വിഷയമാണെന്നും അറിയിക്കുകയുണ്ടായി. ഭിന്നശേഷിക്കാർക്കായി കെഎസ്ആർടിസി ബസുകളിൽ ലിഫ്റ്റ് സമ്പ്രദായം നടപ്പാക്കണം എന്ന ചന്ദ്രദാസിന്റെ നിർദ്ദേശം കെഎസ്ആർടിസിയിൽ പരിശോധിച്ച തീരുമാനിക്കേണ്ട വിഷയമാണെന്നും കത്തിൽ പറയുകയുണ്ടായി.
എല്ലാ ഓഫീസ് സമുച്ചയങ്ങളിലും ഗ്രൗണ്ട് ഫ്ലോറിൽ ഭിന്നശേഷി സൗഹൃദ മുറി ക്രമീകരിക്കുന്നത് ഉചിതമാണെന്നും സൈൻ ലാംഗ്വേജ് ഉൾപ്പെടെ ഭിന്നശേഷി സൗഹൃദ സേവനം നൽകാൻ കഴിയുന്നവരെ പ്രസ്തുത കൗണ്ടറിൽ ജോലിക്കായി നിയോഗിക്കുന്നതിന് സർക്കാർതലത്തിൽ ഒരു പൊതു ഉത്തരവ് ഉണ്ടാകുന്ന പക്ഷം നടപ്പാക്കാൻ ആവുന്നതാണെന്നും ചന്ദ്രദാസിനെ അറിയിക്കുകയുണ്ടായി.
കഴിഞ്ഞ രണ്ടുവർഷമായി, പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ചന്ദ്രദാസ് കേശവപിള്ള സർക്കാരിലേക്ക് നിരന്തരം കത്തയച്ചുകൊണ്ടിരിക്കുന്നു.