പനാജി: ഗോവ തീരത്ത് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ 13 ജീവനക്കാരുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ചു. ഇതുവരെ 11 ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
വ്യാഴാഴ്ച രാത്രി യുദ്ധക്കപ്പലും ‘മാര്‍ത്തോമ’ എന്ന മത്സ്യബന്ധന ബോട്ടും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററുമായി (എംആര്‍സിസി) ഏകോപിപ്പിച്ച് നാവിക സേന അധികൃതര്‍ അടിയന്തര തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
പ്രദേശത്ത് ആറ് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. കൂട്ടിയിടിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
‘കാണാതായ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാവികസേനാ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് നാവികസേന ഉത്തരവിട്ടിട്ടുണ്ട്.