കൊച്ചി: മുകേഷും ജയസൂര്യയും ബാലചന്ദ്രമേനോനും ഉൾപ്പെടെ നടന്മാർക്കെതിരെ നൽകിയ പരാതിയെല്ലാം പിൻവലിക്കുകയാണെന്ന് ആലുവ സ്വദേശിനിയായ നടി. കേസ് നൽകിയ തന്നെ പൊലീസോ സർക്കാറോ സഹായിച്ചില്ലെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
ആർക്കൊക്കെ എതിരെ കേസ് കൊടുത്തിട്ടുണ്ടോ അതെല്ലാം ഞാൻ പിൻവലിക്കുകയാണ്. ഞാൻ ഇനി ഒന്നിനുമില്ല (കരയുന്നു). ഈ ഒഴുകുന്ന കണ്ണുനീർ കേരളത്തിന്‍റെ ശാപമാണ്. പലരും ഫേക്ക് ഐഡിയിൽനിന്നും മുകേഷ്, ജയസൂര്യയെക്കുറിച്ചും, ബാലചന്ദ്രനെക്കുറിച്ചും, ഇടവേള ബാബുവിനെക്കുറിച്ചുമുള്ള വീഡിയോകളും ഓഡിയോകളും എനിക്ക് അയച്ചു തന്നിട്ടുണ്ട് -നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു നടി പരാതി നൽകിയത്.
ഇതിന്‍റെ നടപടികളുമായി പൊലീസ് മുന്നോട്ടുപോകവെ, നടിക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്‍റെ സത്യാവസ്ഥ തെളിയിക്കാനോ ഗൂഢാലോചന പുറത്തുകൊണ്ടുവരാനോ സർക്കാർ തയാറായില്ലെന്നും നടി ആരോപിക്കുന്നു.