കോട്ടയം: ഇ- ബസുകളോട് മുഖം തിരിച്ച കെ.എസ്.ആര്‍.ടി.സി. പൊതു ജനങ്ങള്‍ക്കായി ഇ.വി ചാര്‍ജിങ്ങ് സ്‌റ്റേഷന്‍ ഒരുക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇ.വി. ചാര്‍ജിങ് സ്‌റ്റേഷന്‍ മൂന്നാര്‍, വിതുര, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മിക്കാനാണു പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
ഇതിനായി കെ.എസ്.ആര്‍.ടി.സി. ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. പദ്ധതി ബില്‍ഡ് ആന്‍ഡ് ഓപ്പറേറ്റ് മാതൃകയിലായിരിക്കും, ടെണ്ടറില്‍ യോഗ്യത നേടുന്നവര്‍ ഇതിലേക്കായി പ്രത്യേക സോഫ്ട്‌വെയര്‍ തയ്യാറാക്കണം. നേടി നാലു മാസത്തിനകം നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങും കെ.എസ്.ആര്‍.ടി.സി. മുന്നോട്ടുവെക്കുന്നത്.
അതേസമയം ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനോട് കെ.എസ്.ആര്‍.ടി.സിക്കു അത്ര താല്‍പര്യമില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡീസല്‍ബസുകള്‍ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ ഡീസല്‍ബസുകള്‍മാത്രം വാങ്ങുന്ന ഏക പൊതുമേഖലാസ്ഥാപനം കെ.എസ്.ആര്‍.ടി.സി.യാണ്.
കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച 90 കോടി മുടക്കി വാങ്ങുന്ന 370 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിട്ടിരുന്നു. ഇത്തരത്തില്‍ വാങ്ങുന്ന ബസുകള്‍ 2029-നുശേഷം ഉപേക്ഷിക്കേണ്ടിവരുമെങ്കിലും ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി തയാറായി.
പക്ഷേ, പിന്നീട് സര്‍ക്കാര്‍ ഖനാവില്‍ ഫണ്ടില്ലെന്നു പറഞ്ഞു ബസ് വാങ്ങുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്മാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-വാഹന നയത്തിനെതിരായിരുന്നു കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസ് വാങ്ങാനുള്ള നീക്കം.
2019-ല്‍ ഇ-വാഹനനയം പ്രഖ്യാപിച്ചതിനുപിന്നാലെ സര്‍ക്കാര്‍വകുപ്പുകള്‍ പുതിയതായി ഇ-വാഹനങ്ങള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെ 165 ഇ-ബസുകള്‍ കെ.എസ്.ആര്‍.ടി.സി. വാങ്ങിയിരുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഡീസല്‍ബസുകള്‍ പിന്‍വലിച്ച് ഹരിതനഗരങ്ങളാക്കാനായിരുന്നു പദ്ധതി. തിരുവനന്തപുരം നഗരത്തില്‍ സിറ്റി സര്‍ക്കുലര്‍ ഇ-ബസിന്റെ രണ്ടാംഘട്ടമായി 100 ബസുകള്‍കൂടി വാങ്ങാന്‍ തീരുമാനിച്ചെങ്കിലും മരവിപ്പിച്ചു.
ഗതാഗതവകുപ്പില്‍ മന്ത്രിമാറ്റം സംഭവിച്ചതിനു പിന്നാലെയാണ് ഇ-ബസ് പദ്ധതി മരവിച്ചത്. ഇ-ബസുകള്‍ ലാഭകരമല്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
ഈ ബസുകളില്‍ നിന്നും ലഭിക്കുന്നത് തുച്ഛമായ ലാഭമാണെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ പുതുതായി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനോട് യോജിപ്പില്ലെന്നാണ് അന്നു മന്ത്രി വ്യക്തമാക്കിയത്.
കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ പണം ഉണ്ടാകണമെങ്കില്‍ വരവ് പരമാവധി വര്‍ധിപ്പിക്കണം. വലിയ മാറ്റം ഉണ്ടാകുമെന്ന് വ്യക്തമാക്കി രംഗത്ത് കൊണ്ടുവന്ന ഇലക്ട്രിക് ബസുകള്‍ വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഏറ്റവും കൂടുതല്‍ ഓടുന്നത് റെയില്‍വേ സൗകര്യം ഇല്ലാത്ത മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ്. ഈ മേഖലകളാണ് കെ.എസ്.ആര്‍.ടി.സിക്ക് പണമുണ്ടാക്കി കൊടുക്കുന്നതും. എന്നാല്‍ ഇലക്ട്രിക് ബസുകള്‍ക്ക് ഈ മേഖലകളിലേക്ക് പോകുവാന്‍ കഴിയില്ല.
ഇത്തരം മേഖലകളില്‍ സഞ്ചരിക്കുവാന്‍ ഈ ബസുകള്‍ക്ക് ബുദ്ധിമുട്ടാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു. മിക്കവാറും ഇലക്ട്രിക് ബസുകളില്‍ ആളില്ല. പത്തു രൂപ നിരക്കിലാണ് ബസുകള്‍ ഓടുന്നത്. 100 പേര്‍ക്ക് ഈ ബസില്‍ കയറുവാനുള്ള സൗകര്യം ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
100 യാത്രക്കാര്‍ ബസില്‍ കയറിയാല്‍ തന്നെ പത്തു രൂപ വച്ച് വെറും 1000 രൂപ മാത്രമേ വരുമാനമായി ലഭിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ബസിന് വൈദ്യുതി ചാര്‍ജ്, ഡ്രൈവറുടെ ശമ്പളം എന്നിവയൊക്കെ കണക്കുകൂട്ടുമ്പോള്‍ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.ഇവ എത്രനാള്‍ പോകുമെന്ന കാര്യം ഉണ്ടാക്കിയവര്‍ക്കുപോലും അറിയില്ല. വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്.
ബസുകൾ യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. ഇനി ഇബസുകള്‍ വാങ്ങില്ല. നിലവിലുള്ളവ പുനഃക്രമകരിക്കാന്‍ നേരിട്ട് ഇടപെടും. ഒരു ഇ ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകളെയും ബാധിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഇ- ബസുകളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. 7800 ഇ-ബസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. 2027-ല്‍ ഇത് 50,000 ഇ-ബസുകളാക്കി കൂട്ടാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ വര്‍ഷം. പി.എം.ഇ. സേവ പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സബ്സിഡിയോടെ 14,000 ഇ-ബസുകള്‍ നല്‍കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
ഇ-ബസുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയിം 1, ഫെയിം 2 പദ്ധതികളില്‍ കേരളത്തിന് 950 ബസുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍, സംസ്ഥാനം താത്പര്യമറിയിച്ചില്ല. ഫെയിം 2 പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് 6862 ബസുകള്‍ ലഭിച്ചു.
താൽപര്യമില്ലെന്ന് അറിയിച്ചതോടെ പി.എം.ഇ. സേവയില്‍ കേരളത്തെ പിന്നീട് ഉള്‍പ്പെടുത്തിയിട്ടില്ല. കെ.എസ്.ആര്‍.ടി.സിയാകട്ടേ നിലവില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ബസുകള്‍ കേന്ദ്രനിയമം മറികടന്ന് ഉപയോഗിക്കുന്നുമുണ്ട്.