ലക്ഷ്യം നേടി, 1000 ജീവനക്കാര്‍ക്ക് കമ്പനി ചെലവില്‍ സ്പെയിന്‍ യാത്ര

കമ്പനി ചെലവില്‍ ജീവനക്കാര്‍ വിനോദയാത്രകള്‍ നടത്തുന്നത് അസാധാരണമായൊരു കാര്യമല്ല..പക്ഷെ തങ്ങളുടെ ആയിരം ജീവനക്കാരെയും ഒരാഴ്ച നീളുന്ന യാത്രയ്ക്ക് കമ്പനി ചെലവില്‍ കൊണ്ടുപോയാലോ..അതും സ്പെയിനിലേക്ക്. ചെന്നൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കാസ ഗ്രാന്‍ഡ് ആണ് സ്പെയിനിലെ ബാഴ്സലോണയിലേക്ക്  1,000 ജീവനക്കാര്‍ക്കായി ഒരാഴ്ചത്തെ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.. കമ്പനിയുടെ  സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജീവനക്കാരുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിന് വേണ്ടിയാണ് ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ വില്‍പ്പന ലക്ഷ്യം കൈവരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചീഫ് എക്സിക്യൂട്ടീവുകള്‍ മുതല്‍ സാധാരണ ജീവനക്കാര്‍ വരെയുള്ളവരുടെ പ്രതിബദ്ധതയും കൂട്ടായ മനോഭാവവും തിരിച്ചറിയുന്നതിനാണ് യാത്രയെന്ന് കമ്പനി പറഞ്ഞു . കമ്പനിയുടെ ‘പ്രോഫിറ്റ്-ഷെയര്‍ ബോണന്‍സ’ പദ്ധതിക്ക് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്.

സ്പെയിനില്‍ സഗ്രഡ ഫാമിലിയ, പാര്‍ക്ക് ഗുവല്‍, മോണ്ട്ജൂയിക് കാസില്‍ പോലുള്ള  പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും  ജീവനക്കാര്‍ സന്ദര്‍ശനം നടത്തും.  നഗരത്തിലെ ബീച്ചുകള്‍ കാണാനും സാംസ്കാരിക – വിനോദ പരിപാടികളും ആസ്വദിക്കാനും ജീവനക്കാര്‍ക്ക് അവസരമുണ്ട്. ഇന്ത്യയിലെയും ദുബായിലെയും ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരെയാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇത് ആദ്യമായല്ല കാസാഗ്രാന്‍ഡ് ജീവനക്കാര്‍ക്കായി യാത്രാ പരിപാടി സംഘടിപ്പിക്കുന്നത്. 2013 മുതല്‍ റിവാര്‍ഡ് പ്രോഗ്രാം എന്ന പേരില്‍ കമ്പനി ജീവനക്കാര്‍ക്ക് ഈ സമ്മാനം നല്‍കിവരുന്നുണ്ട്. സിംഗപ്പൂര്‍, തായ്ലന്‍ഡ്, ശ്രീലങ്ക, ദുബായ്, മലേഷ്യ, ലണ്ടന്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കമ്പനി ജീവനക്കാരെ കൊണ്ടുപോയിട്ടുണ്ട്. 2021-ല്‍ ദുബായിലേക്കും 2022 ല്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്കും 2023 ല്‍ ഓസ്ട്രേലിയയിലേക്കും ജീവനക്കാരെ കൊണ്ടുപോയി. കോവിഡ്  സമയത്ത് പോലും യാത്രകളില്‍ മുടക്കം വരുത്തിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

 

 

By admin