കോഴിക്കോട്: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. നടുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപ്പതി സെന്റർ ഫോർ വെൽനസ് സെന്ററിൽ വച്ചായിരുന്നു സംഭവം. ചികിത്സിക്കുന്നതിനിടെ അനിൽ കുമാർ ബലപ്രയോഗത്തിലൂടെ യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട യുവതി ഉടൻ തന്നെ വടകര പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പ്രതി ഇതിന് മുമ്പും സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു