ആലപ്പുഴ: അമ്പലപ്പുഴയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ഒരുക്കിയത് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം മോഡലിലെന്ന് പ്രതി. തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണത്തില്‍ നിന്നും വഴിതെറ്റിക്കാനുമായി ചിത്രം അഞ്ച് തവണ കണ്ടതായി പ്രതി ജയചന്ദ്രന്‍ പൊലിസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കുറ്റം നിഷേധിച്ചും വിവരങ്ങള്‍ മാറ്റിപ്പറഞ്ഞും ജയചന്ദ്രന്‍ പൊലിസിനെ കുഴക്കി. ഒടുവില്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല നടത്തിയ ശേഷം ഫോണ്‍ ബസ്സില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത് ദൃശ്യം സിനിമയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മറ്റൊരു പുരുഷനുമായുള്ള വിജയലക്ഷ്മിയുടെ അടുപ്പമാണ് കൊലപ്പെടുത്താന്‍ ജയചന്ദ്രനെ പ്രേരിപ്പിച്ചെതെന്നാണ് പൊലീസ് പറയുന്നത്.മറ്റൊരാള്‍ക്കൊപ്പം കഴിയാനുള്ള തയാറെടുപ്പിലായിരുന്നു വിജയലക്ഷ്മി. അയാളുടെ ഭാര്യ ഉപേക്ഷിച്ചു പോകാനായി പ്രത്യേക പൂജ ചെയ്യാന്‍ പത്തനംതിട്ട ജില്ലയിലെ ക്ഷേത്രത്തിലേക്കു പോകാന്‍ യുവതി ജയചന്ദ്രന്റെ കൂട്ട് തേടി. കൊലപ്പെടുത്താന്‍ ഉദ്ദേശ്യമില്ലായിരുന്നെങ്കിലും ക്ഷേത്രത്തില്‍ കൂട്ടുവരാമോയെന്നു വിജയലക്ഷ്മി ചോദിച്ചപ്പോള്‍ മുതല്‍ ഇയാള്‍ പലതും ആസൂത്രണം ചെയ്യുകയായിരുന്നു.നവംബര്‍ ആറ് മുതലാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധു പൊലീസില്‍ പരാതി നല്‍കിയത്. അന്നേദിവസം തന്നെയാണ് ജയചന്ദ്രന്‍ യുവതിയെ കൊലപ്പെടുത്തിയതും. ജയചന്ദ്രന്‍ യുവതിയെ തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അന്ന് ഭാര്യയും മകനും വീട്ടില്‍ ഇല്ലായിരുന്നു. അമ്പലപ്പുഴയില്‍ ബസിറങ്ങിയ വിജയലക്ഷ്മിയെ പിന്‍ഭാഗത്തെ വഴിയിലൂടെയാണു വീട്ടിലെത്തിച്ചത്. പിറ്റേന്നു പത്തനംതിട്ടയില്‍ പോകാനായിരുന്നു തീരുമാനം. രാത്രി ഒരു മണിക്കു വിജയലക്ഷ്മിയെ അടുപ്പക്കാരന്‍ വിളിച്ചതോടെ ജയചന്ദ്രന്റെ ഉള്ളിലെ കാലുഷ്യം പുറത്തുവന്നെന്നാണു പൊലീസ് പറയുന്നത്.തര്‍ക്കത്തിനിടെ തള്ളിയപ്പോള്‍ കട്ടിലില്‍ തലയടിച്ചു വീണ വിജയലക്ഷ്മിയുടെ ബോധം പോയെന്നും എന്നാല്‍ തന്റെ ദേഷ്യം കൂടിയതേയുള്ളെന്നും വെട്ടുകത്തികൊണ്ടു തലയില്‍ തുടരെ വെട്ടി മരണം ഉറപ്പാക്കിയെന്നും ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തു, വസ്ത്രങ്ങള്‍ കത്തിച്ചു. തൊട്ടപ്പുറത്തെ പറമ്പില്‍ മതിലിനോടു ചേര്‍ന്നു കുഴിയെടുത്തു.വീടിന്റെ മുകള്‍നിലയില്‍ നിന്നു കനം കൂടിയ നൈലോണ്‍ കയര്‍ മുറിച്ചു കൊണ്ടുവന്നു വിജയലക്ഷ്മിയുടെ കഴുത്തില്‍ മുറുക്കി അടുക്കള വഴി വലിച്ചിഴച്ചു. രണ്ടു പറമ്പുകളെയും വേര്‍തിരിക്കുന്ന തിട്ടയ്ക്കപ്പുറത്തേക്കു മൃതദേഹം കാലുകളില്‍ പിടിച്ചുയര്‍ത്തി മറിച്ചിടുകയായിരുന്നു. അധികം ആഴമില്ലാത്ത കുഴിയിലിട്ടു മൂടുന്നതിനിടെ തലഭാഗം വെട്ടുകത്തി കൊണ്ടുവന്നു വീണ്ടും വെട്ടിയാണു താഴ്ത്തി മൂടിയത്.
സ്വര്‍ണാഭരണങ്ങള്‍ ആലപ്പുഴയിലെ ജ്വല്ലറിയില്‍ വിറ്റു. ആ പണംകൊണ്ടു ചെറിയ കടങ്ങളൊക്കെ തീര്‍ത്തു. വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണുമായി 10നാണ് കണ്ണൂര്‍ ബസില്‍ പുറപ്പെട്ടത്. കൊച്ചിയിലെത്തിയപ്പോള്‍ ഫോണ്‍ ഓണ്‍ ചെയ്തു. വീണ്ടും ഓഫ് ചെയ്തു ബസില്‍ ഉപേക്ഷിച്ചു തിരികെ പോന്നു. ഇവിടെയാണ് ജയചന്ദ്രന് പിഴച്ചത് ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ജയചന്ദ്രന്റെ ഫോണും ഇതേ ടവര്‍ ലൊക്കേഷനിലായതാണ് നിര്‍ണായകമായത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *