പാലക്കാട്: ഇന്ന് കേരള രാഷ്ട്രീയത്തില്‍ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്താകുമെന്നും ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്നും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍. 
ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത്. എന്‍.ഡി.എയുടെ വിജയത്തിലൂടെ പാലക്കാട്ടുകാര്‍ വിധിയെഴുതും. വയനാട്ടില്‍ പോളിങ് കുറഞ്ഞത് കോണ്‍ഗ്രസിനെതിരായ വികാരമാണ്.
തെരഞ്ഞെടുക്കപ്പെട്ട് വിജയിച്ച് പോയിട്ട് അവിടുത്തെ ജനങ്ങളെ വഞ്ചിച്ച് പോയ രാഹുല്‍ ഗാന്ധിക്കെതിരായ പ്രതിഷേധമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചത്. ഇത് തന്നെയാകും പാലക്കാടും നടക്കുക. ഷാഫി പറമ്പിലിനെതിരായ വികാരം വോട്ടിലൂടെ പ്രതിഫലിക്കും. എന്‍.ഡി.എയ്ക്ക് അനുകൂലമായിട്ടുള്ള വിധിയെഴുത്തായിരിക്കുമത്. 
മൂന്ന് പതിറ്റാണ്ടുകളിലായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടിങ് ശതമാനം ഉയരും. ഇ. ശ്രീധരന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടത് ചെറിയ വോട്ടുകള്‍ക്കാണ്. ആ പരാജയം മറികടക്കാന്‍ പാലക്കാട്ടുകാര്‍ മനസുകൊണ്ട് ഉറപ്പിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. ചര്‍ച്ച ചെയ്തത് ജനകീയ വിഷയങ്ങളാണ്. അതാണ് പാലക്കാട്ടുക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിനനുസരിച്ചായിരിക്കും വോട്ടിങ്.
ഒന്നാം സ്ഥാനം ബി.ജെ.പി. ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തിനായാണ് കോണ്‍ഗ്രസും സി.പി.എമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ. അഞ്ചക്ക ഭൂരിപക്ഷത്തിലായിരിക്കും എന്‍.ഡി.എയുടെ വിജയം. ന്യൂനപക്ഷ മേഖലകളില്‍ പോലും എന്‍.ഡി.എ. വലിയ മുന്നേറ്റം നടത്തുമെന്നും സി.  കൃഷ്ണകുമാര്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *