കോട്ടയം: യുവാക്കളുടെ വികൃതി റെയില്‍വേയ്ക്കു തലവേദനയാകുന്നു. റെയില്‍വേ പാളത്തില്‍ കല്ലു വെക്കുന്നതും വന്ദേഭാരതിനുള്‍പ്പടെ കല്ലെറിയുന്ന സംഭവങ്ങള്‍ക്കും പിന്നില്‍ ചെറുപ്രായക്കാരാണ്.
17 ഉം 21 ഉം വയസുള്ളവരാണ് ഇത്തരം സാഹസങ്ങള്‍ക്കു മുതിരുന്നത്. അന്വേഷണം നടത്തി പിടികൂടുമ്പോള്‍ യുവാക്കള്‍ പറയുന്ന മറുപടിയാകട്ടേ ഒരു കൗതുകത്തിനു ചെയ്തതാണെന്നും. ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതില്‍ റെയില്‍വേ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

പലപ്പോഴും അഞ്ജതയും പിടിക്കപ്പെടില്ലെന്ന വിശ്വാസവുമാണ് ഇത്തരം സഹാസികതയ്ക്കു യുവാക്കളെ പ്രേരിപ്പിക്കുന്നത്. ഇതോടൊപ്പം ഇത്തരം പ്രവര്‍ത്തികള്‍ മൊബൈലില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗങ്ങളിലാണു ട്രെയിനുകള്‍ക്കു നേരെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത്.
കാസര്‍കോട് കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിന്‍ പോകുന്നതിനിടെ കല്ലുകള്‍ വച്ച യുവാവിനെ  റെയില്‍വെ പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണു പിടിയിലായത്.

തിങ്കളാഴ്ച രാത്രിയായിരുന്നു അമൃത്സര്‍-കൊച്ചുവേളി എക്‌സ്പ്രസ് കടന്നു പോകുന്നതിനു മുമ്പ് ഇയാളും സുഹൃത്തും പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ചത്. എന്നാല്‍, അപകടമൊന്നും സംഭവിച്ചില്ല. ട്രെയിന്‍ പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവര്‍ കൗതുകത്തിനാണ് ഇത് ചെയ്തതെന്നും അട്ടിമറി ശ്രമമോ അത്തരം ലക്ഷ്യങ്ങളോ ഇവര്‍ക്കുണ്ടായിരുന്നില്ലെന്നുമാണ് റെയില്‍വേ പോലീസ് വ്യക്തമാക്കിയത്.

വന്ദേഭാരതിനു കല്ലെറിഞ്ഞ പതിനേഴുകാരനെയും പോലീസ് പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും.

കാസര്‍കോട് മേഖലയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നതും പാളത്തില്‍ കല്ലുവെക്കുന്നതും വര്‍ധിച്ചുവരുന്നതിനാല്‍ മേഖലയില്‍ റെയില്‍വെ പോലീസും ആര്‍.പി.എഫും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മിക്ക കേസുകളിലും കുട്ടികളാണു പ്രതികള്‍.
സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ കൗതുകത്തിന്റെ പുറത്താണ് കുട്ടികള്‍ ഇതു ചെയ്യുന്നതെന്നും ഇതു രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവത്കരണവും മറ്റു നടപടികളും സ്വീകരിക്കുമെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

ട്രെയിനുകള്‍ക്കെതിരെ കല്ലെറിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവു ലഭിക്കുമെന്നു ദക്ഷിണ റെയില്‍വേ അധികൃതർ പറഞ്ഞു. ട്രെയിനുകള്‍ക്കെതിരെ കല്ലെറിയുന്നതു ക്രിമിനല്‍ കുറ്റമായി പരിഗണിച്ചു റെയില്‍വേ ആക്ട് 153 പ്രകാരം നിയമ നടപടി സ്വീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *