മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതിനുള്ള അനധികൃത ബിറ്റ്കോയിന്‍ ഇടപാടുകളില്‍ തനിക്ക് പങ്കുണ്ടെന്ന ബിജെപി ആരോപണം തള്ളിക്കളഞ്ഞ് ലോക്സഭാ എംപിയും എന്‍സിപി (ശരദ് പവാര്‍) നേതാവുമായ സുപ്രിയ സുലെ രംഗത്ത്.
പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പുകളില്‍ ഉള്ളത് എന്റെ ശബ്ദമല്ല. ഈ വോയ്സ് നോട്ടുകളും സന്ദേശങ്ങളുമെല്ലാം വ്യാജമാണെന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സുപ്രിയ സുലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ മുന്‍ പോലീസ് കമ്മീഷണറും ഒരു ഡീലറും ചേര്‍ന്ന് അനധികൃത ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ സുലെയും മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി നാനാ പട്ടോളും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി എം.പി സുധാന്‍ഷു ത്രിവേദി വാര്‍ത്താസമ്മേളനത്തില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്ലേ ചെയ്തതിന് തൊട്ടുപിന്നാലെയാണ് എന്‍സിപി (എസ്പി) നേതാവ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞത്.
എന്‍സിപി (എസ്പി), കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) എന്നിവ ഉള്‍പ്പെടുന്നതാണ് എംവിഎ.
പ്രചരിക്കുന്നത് വ്യാജ ശബ്ദമാണെന്നും സുലെ പറഞ്ഞു. അത് എന്റെയോ നാനാ പടോളിന്റെയോ ശബ്ദമല്ല. പ്രതി ആരാണെന്ന് പോലീസ് കണ്ടെത്തും.
ഞാന്‍ ബിറ്റ്കോയിനും ക്രിപ്റ്റോ കറന്‍സിക്കും എതിരെ സംസാരിച്ചു. അതിനെക്കുറിച്ച് വളരെ ഗൗരവമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച ഒരാളാണ് ഞാന്‍. ബിജെപിക്ക് ഉത്തരം നല്‍കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ പൂര്‍ണ്ണ സുതാര്യതയില്‍ വിശ്വസിക്കുന്ന ഒരാളായതിനാല്‍ ഞാന്‍ കൂടുതല്‍ സന്തോഷവതിയാണ്.
ബിജെപിയുടെ ഏത് ചോദ്യത്തിനും ഉത്തരം നല്‍കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, തെളിവില്ലാതെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എന്നെ അറസ്റ്റ് ചെയ്യില്ലെന്നതില്‍ മഹാരാഷ്ട്ര പോലീസിലും തനിക്ക് വിശ്വാസമുണ്ടെന്നും എന്‍സിപി (എസ്പി) നേതാവ് പറഞ്ഞു.