മുംബൈ: മുതിര്‍ന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖിന് കല്ലേറില്‍ പരിക്ക്. നാഗ്പൂര്‍ ജില്ലയിലെ കടോള്‍-ജലാല്‍ഖേഡ റോഡില്‍ അജ്ഞാതര്‍ കാറിന് നേരെ കല്ലെറിയുകയായിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മകന്‍ സലില്‍ ദേശ്മുഖിന് വേണ്ടി പ്രചാരണത്തിനെത്തിയ അനില്‍ ദേശ്മുഖ് നാര്‍ഖേഡിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.
ആക്രമണത്തിനിടെ കാറിന്റെ ചില്ല് തകര്‍ന്നു, കല്ല് അനില്‍ ദേശ്മുഖിന്റെ തലയില്‍ വീഴുകയും പരിക്കുകള്‍ ഉണ്ടാകുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ മുന്‍ മന്ത്രി വാഹനത്തിനുള്ളില്‍ പരിക്കേറ്റ് കിടക്കുന്നത് കാണാം. ദേശ്മുഖിനെ ഉടന്‍ തന്നെ കറ്റോളിലെ ആശുപത്രിയില്‍ എത്തിച്ചു.
ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ല.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു അനില്‍ ദേശ്മുഖ്.
നഗരത്തിലുടനീളമുള്ള ഹോട്ടല്‍, ബാര്‍ ഉടമകളില്‍ നിന്ന് പണം തട്ടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപിച്ച് അന്നത്തെ മുംബൈ പോലീസ് കമ്മീഷണറുടെ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.