ഇംഫാല്‍: ജിരിബാം അക്രമത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 യുവാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുക്കി ഗ്രൂപ്പുകള്‍ ഇന്ന് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ‘ശവപ്പെട്ടി റാലി’ നടത്തും.
റാലിയില്‍ പ്രതിഷേധ സൂചകമായി കറുത്ത ഷര്‍ട്ട് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കാന്‍ പത്താം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളെ വിളിച്ചിട്ടുണ്ട്.
പ്രാദേശിക ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അസമിലെ സില്‍ച്ചാറിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം, 10 പേരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച ഉച്ചയോടെ കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവന്നു.
സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ഹ്‌മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ നോട്ടീസ് പ്രകാരം 10 യുവാക്കളുടെ മരണത്തിന്റെ സ്മരണയ്ക്കായി 10 പ്രതീകാത്മക ശവപ്പെട്ടികള്‍ വഹിക്കും.
അതേസമയം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ കുക്കി തീവ്രവാദികളാണെന്ന് പൊലീസ് വ്യക്തമാക്കി.
അത്യാധുനിക ആയുധങ്ങളുമായെത്തിയ അക്രമികള്‍ ബൊറോബെക്ര പോലീസ് സ്റ്റേഷനും സമീപത്തെ ജിരിബാം ജില്ലയിലെ ജകുരധോറിലെ സിആര്‍പിഎഫ് ക്യാമ്പിനും നേരെ ആക്രമണം നടത്തിയതായും അവര്‍ അവകാശപ്പെട്ടു.