ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും, അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് കൂട്ടമായി നാടുകടത്തും: ട്രംപ്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന്  നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കൽ നടപടികൾ തുടങ്ങാനാണ് നീക്കം. ഭീമമായ ചെലവും സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി.

ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയും ആദ്യം പുറത്താക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഏകദേശം 4,25,000 പേരാണ് ആദ്യ ഘട്ടത്തിൽ നാടുകടത്തപ്പെടുക. കൂട്ട നാടുകടത്തലിലൂടെ ആകെ 10 മില്യണിലധികം പേരെ പുറത്താക്കിയേക്കും. ഇവരിലധികവും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ദേശീയ സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണ് നടപടിയെന്ന് വിശദീകരണം. ഏകദേശം 300 ബില്യൺ മുതൽ ഒരു ട്രില്യൺ ഡോളർ വരെ ഇതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. മുൻ ഇമിഗ്രേഷൻ ആന്‍റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ആക്ടിംഗ് ചീഫ് ടോം ഹോമന്‍റെ നേതൃത്വത്തിലാണ് നടപ്പാക്കുക.  

അതേസമയം കാലിഫോർണിയ, ഇല്ലിനോയിസ്, മസാച്യുസെറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിലെ ഡെമോക്രാറ്റ് ഗവർണർമാർ ട്രംപ് ഭരണകൂടത്തിന്‍റെ കൂട്ട നാടുകടത്തൽ പദ്ധതിയെ ചെറുക്കുമെന്ന് വ്യക്തമാക്കി. നിർമ്മാണം, കൃഷി, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ലിബറലുകൾ നിരീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ‘രക്തത്തിൽ വിഷം കലർത്തുന്ന’ വിദേശികൾ എന്നാണ് ട്രംപ് ആരോപിച്ചത്. അതേസമയം ഇക്കാര്യത്തിലെ തന്‍റെ പദ്ധതിയെന്തെന്ന് ട്രംപ് ഇപ്പോഴാണ് വ്യക്തമാക്കുന്നത്. 

ട്രംപിന്‍റെ വിജയ ശിൽപ്പികളിൽ പ്രധാനി; സൂസി വൈൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്, ഈ പദവിയിലെത്തുന്ന ആദ്യ വനിത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin