ത്വക്കിനെ ബാധിക്കുന്ന അപൂർവരോഗം മൂലം സിനിമയില്‍നിന്നും ഇടവേള എടുത്ത് നടി ആന്‍ഡ്രിയ ജെറെമിയ. ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് നേരിടേണ്ടി വന്നതെന്ന് ആൻഡ്രിയ പറയുന്നു.
‘‘വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സ്കിൻ കണ്ടീഷന്‍ പിടിപെട്ടു. എന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ പല പാടുകളും ശരീരത്തിൽ കാണാൻ തുടങ്ങി. 
ബ്ലഡ് ടെസ്റ്റുകള്‍ വന്നു. പക്ഷേ അവയെല്ലാം നോര്‍മലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എനിക്കും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്തെങ്കിലും ടോക്‌സിക് റിയാക്‌ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷനല്‍ സ്ട്രസ് കൊണ്ടായിരിക്കാം ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇങ്ങനെയൊരു ഇൻഡസ്ട്രിയിൽ നിൽക്കുന്ന ആളെന്ന നിലയിൽ സമ്മർദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നുപോകാനാകില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മർദം നമുക്കുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പിന്മാറുക എന്നതു മാത്രമായിരുന്നു ഏക പോംവഴി.
എല്ലാത്തില്‍ നിന്നും കുറച്ച് കാലം താന്‍ മാറി നിന്നു. ആ അവസ്ഥയിൽ നിന്നും പുറത്തു വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമയിലെ ചില ആളുകളും പറഞ്ഞത് പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ്. ഞാൻ ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്‌സ് ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ഉള്‍ക്കൊള്ളാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.
ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷന്‍ എന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകള്‍ ഇപ്പോഴുമുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തില്‍ കവര്‍ ചെയ്യാം. ഏറെക്കുറെ ഭേദമായി. ജീവിതരീതിയിൽ പക്ഷേ വ്യത്യാസം വന്നു.
തുടരെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അത് മുഖത്ത് പ്രകടമാകും. വര്‍ക്കുകള്‍ കുറച്ചു. ഈ അവസ്ഥയിലെ സമ്മർദ്ദം മറി കടക്കുന്നതിന് വളര്‍ത്തു നായ എന്നെ സഹായിച്ചുവെന്നു പറയാം. വളര്‍ത്തു നായയ്ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചു. പുതിയ പാടുകൾ വരാതെയായി. മേക്കപ്പിലൂടെ നിലവിലെ പാടുകൾ മറച്ചു വയ്ക്കാൻ കഴിയും. മാസ്റ്റർ, പിസാസ് എന്നീ സിനിമകൾ ഈ കണ്ടീഷനുള്ളപ്പോൾ ചെയ്തതാണ്. പക്ഷേ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല.’’ ആന്‍ഡ്രിയ വെളിപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *