ചെന്നൈ:  സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കരുണാനിധിയുടെ പേരിടുന്നതിനെ ചൊല്ലി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും എഐഎഡിഎംകെ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിയും തമ്മില്‍ വാക്പോര്.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഇപിഎസിനെ പാറ്റയെന്ന് വിളിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിയെ വിഷമുള്ള കൂണ്‍ എന്ന് വിളിച്ചാണ് ഇപിഎസ് പ്രതികരിച്ചത്. 
നമ്മുടെ പദ്ധതികള്‍ ആളുകള്‍ ആഘോഷിക്കുമ്പോള്‍ അത് കണ്ട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി ദേഷ്യത്തിലാണെന്നും ഉദയനിധി ആരോപിച്ചു. ആളുകള്‍ നമ്മുടെ മുഖ്യമന്ത്രിയെ പുകഴ്ത്തുന്നു, അതില്‍ അദ്ദേഹത്തിന് അസൂയയാണ്. എന്തിനാണ് എല്ലാ പദ്ധതികള്‍ക്കും കലൈഞ്ജറുടെ പേര് നല്‍കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
എന്തുകൊണ്ട് പദ്ധതികള്‍ക്ക് 96 വയസ്സുവരെ തമിഴ്നാടിനും അവിടുത്തെ ജനങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച കലൈഞ്ജറുടെ പേരുനല്‍കാന്‍ നമുക്ക് പാടില്ല. പിന്നെ കുവത്തൂരില്‍ ഇഴഞ്ഞിറങ്ങിയ പാറ്റയുടെ പേരിടണോ? അദ്ദേഹം ചോദ്യം ചെയ്തു.
പദ്ധതിയുടെ പേരുകളോടുള്ള ഇപിഎസിന്റെ എതിര്‍പ്പ് എഐഎഡിഎംകെയുടെ സ്വന്തം ഐക്കണ്‍മാരായ എംജിആറിലേക്കും ജയലളിതയിലേക്കും വരെ വ്യാപിച്ചിട്ടുണ്ടെന്നും ഉദയനിധി ആരോപിച്ചു.
എന്നാല്‍ മോദിയുടെയോ അമിത് ഷായുടെയോ പേരിലുള്ള പദ്ധതികള്‍ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 
മൂന്ന് മാസം മുമ്പ് ബിജെപിയുമായുള്ള ബന്ധം അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ സേലത്ത് നടന്ന ഐടി റെയ്ഡിന് ശേഷം അദ്ദേഹം ബിജെപിക്കായി വാതില്‍ തുറന്നു. മറ്റൊരു റെയ്ഡിലൂടെ എഐഎഡിഎംകെ പൂര്‍ണമായും ബിജെപിയില്‍ ലയിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *