എന്നാൽ, ഒന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ശുഭ്മൻ ഗില്ലിന്റെയും അഭാവം മറികടക്കുകയെന്ന വെല്ലുവിളി ടീമിന് മുന്നിലുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് നാട്ടിലായതിനാൽ പേസറും ഉപനായകനുമായ ജസ്പ്രീത് ബുംറയാണ് പെർത്തിൽ നയിക്കുക. പരിക്കേറ്റ ഗില്ലിന് പകരം ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പവും പരിശീലകൻ ഗൗതം ഗംഭീറിന് മുന്നിലുണ്ട്.
ഷമിയുടെ വരവ് വൈകും
ഒരു വർഷത്തെ ഇടവേളക്കു ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ സ്റ്റാർ പേസർ മുഹമ്മദ് ഷമിയെ പക്ഷേ, ഉടൻ ആസ്ട്രേലിയയിലേക്ക് പരിഗണിക്കില്ല. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ ദിവസം മധ്യപ്രദേശിനെതിരെ ബംഗാളിന് ജയമൊരുക്കുന്നതിൽ മികച്ച പങ്കുവഹിച്ച ഷമിയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളിലടക്കം കളിപ്പിക്കും. ബുംറക്കും മുഹമ്മദ് സിറാജിനും പുറമെ ഒരു പേസർക്കുകൂടി അന്തിമ ഇലവനിൽ അവസരമുണ്ട്. പ്രസിദ്ധ് കൃഷ്ണയും ഹർഷിത് റാണയും തമ്മിലാണ് ഈ സ്ഥാനത്തിനായി മത്സരം. എ ടീമിൽ കളിച്ച മുകേഷ് കുമാർ, ഖലീൽ അഹ്മദ്, നവ്ദീപ് സൈനി എന്നീ പേസർമാരും ആസ്ട്രേലിയയിൽ ബാക്ക് അപ്പായി തുടരും.
ന്യൂസിലൻഡിനെതിരെ നാട്ടിൽ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിലെത്തിയത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്.https://eveningkerala.com/images/logo.png