പാലക്കാട്: സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുടപിടിക്കുകയാണ്. തമ്മിലുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ പരസ്പരം സഹായിക്കുകയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഉജ്വലമായ മതേതരത്വ മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങള്‍.
മുനമ്പം വിവാദമുണ്ടായപ്പോള്‍ എല്ലാവരും ഭിന്നിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് നിര്‍ത്തി അവിടുത്തെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടിയ ആളാണ് അദ്ദേഹം. ഒരുതരത്തിലും സമൂഹത്തില്‍ ഒരുഭിന്നിപ്പ് ഉണ്ടാകാന്‍ പാടില്ലെന്ന് നിരന്തരം പറയുകയും, എല്ലാവര്‍ക്കും വഴികാട്ടിയുമായ ആളെയാണ് മുഖ്യമന്ത്രിഅധിക്ഷേപിച്ചത്.
പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം ഹിന്ദു അഭിമുഖ്യത്തിന്റെ തുടര്‍ച്ചയാണ്. സന്ദീപ് വാര്യര്‍ വന്നപ്പോള്‍ ബി.ജെ.പി. ക്യാമ്പിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്റെ ആലയില്‍ പാര്‍ട്ടിയെ കെട്ടി. മുഖ്യമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് വോട്ടിംഗിലൂടെ ജനം മറുപടി പറയുമെന്നും സതീശന്‍ പറഞ്ഞു.