പാലക്കാട്: ബിജെപി വിട്ട സന്ദീപ് വാര്യര്‍ പാണക്കാട് പോയി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു എന്ന വാര്‍ത്ത കണ്ടുവെന്നും ഈ വാര്‍ത്ത കണ്ടപ്പോള്‍ ബാബറി മസ്ജിദ് തകര്‍ത്ത ശേഷമുള്ള ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ആണ് ഓര്‍മ വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 
ലീഗ് അണികള്‍ ഇന്നലെ വരെ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് നല്ലതുപോലെ അറിയുന്നവരാണ്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍ എസ് എസ് നേതൃത്വത്തില്‍ ഉള്ള സംഘപരിവാര്‍ ആണ്. പക്ഷെ സംഘപരിവാറിന് ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുമാണ്. സ്വാഭാവികമായും മതനിരപേക്ഷ മനസ്സുള്ളവര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടായി.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയം തകര്‍ത്തതിനെതിരെ ശക്തമായ വികാരം ഉയര്‍ന്നു വന്നു. അതിന് കൂട്ടുനിന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും വികാരം ഉയര്‍ന്നിരുന്നു. 
ആ ഘട്ടത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിനോടൊപ്പം മന്ത്രിസഭയില്‍ മുസ്ലിം ലീഗ് ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിനോട് പ്രതിഷേധിക്കണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ഉയര്‍ന്നു.
എന്നാല്‍ മന്ത്രിസ്ഥാനം വിട്ടുള്ള കളിക്കൊന്നും പോകേണ്ട എന്നാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്. അതിനാല്‍ ബാബറി മസ്ജിദ് തകര്‍ത്ത കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗ് നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *