തിരുവനന്തപുരം: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നം മുനമ്പത്ത് അടക്കം വലിയ വിവാദങ്ങൾക്കിടയാക്കുന്നതിനിടെ വിഷയത്തില്‍  കടുത്ത  നിലപാടുമായി  കാന്തപുരം വിഭാഗവും.
കൊച്ചി മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന്‌ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിലെ ലേഖനത്തില്‍ പറയുന്നു. വഖഫ്‌ വിവാദം തീരാന്‍ ഒറ്റ വഴിയേയുള്ളൂയെന്നും അത് വഖഫ്‌ എന്ന പൊതുസ്വത്ത് വിറ്റ് കാശാക്കിയവരില്‍ നിന്ന് പണം തിരിച്ചു പിടിക്കുക എന്നതാണെന്നും ലേഖനത്തിൽ പറയുന്നു .
നേരത്തെ വിഷയത്തിൽ ഇതേ തരത്തിൽ നിലപാട് കടുപ്പിച്ചു സമസ്ത മുഖപത്രമായ സുപ്രഭാതവും നയം വ്യക്തമാക്കിയിരുന്നു. 
മുനമ്പത്തെ വഖഫ് സ്വത്ത് വിവാദം സമയവായ ചർച്ചയിലൂടെ പരിഹരിക്കാൻ മുസ്ലിം ലീഗ് ശ്രമം തുടരുമ്പോഴാണ് വിഷയത്തിൽ വഴങ്ങി കൊടുക്കുന്ന നിലപാട് വേണ്ടന്ന് വ്യക്തമാക്കുന്ന തരത്തിൽ കാന്തപുരം സുന്നി വിഭാഗവും രംഗത്തുവരുന്നത്. നേരത്തെ ഇതേ വിഷയത്തിൽ സമസ്തയും കടുത്ത നിലപാട് സ്വീകരിച്ച് ലീഗിൻ്റെ സമവായ നീക്കത്തെ വിമർശിച്ചിരുന്നു. 

മുസ്ലിം സമുദായത്തിന് അവരുടെ വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ എന്നാണ് എ.പി സുന്നി വിഭാഗം എഴുത്തുകാരനും പ്രഭാഷകനുമായ ഒ.എം. തരുവണ കാന്തപുരം സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ എഴുതിയ  ലേഖനത്തില്‍ പറയുന്നത്.

മുനമ്പവും ചാവക്കാട്ടും തലപ്പുഴയും മാത്രമല്ല; സംസ്ഥാനത്തുടനീളം വഖഫ്‌ സ്വത്തുക്കള്‍ കള്ളക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. അവ മുഴുവന്‍ തിരഞ്ഞു പിടിച്ച് വീണ്ടെടുക്കണം.
അതിന് സമഗ്രമായ അന്വേഷണവും നടപടികളും വേണം. വഖഫ്‌ സ്വത്ത് വിറ്റ് കാശാക്കിയവരാണ് ഈ വിവാദത്തിലെ ശരിയായ പ്രതികള്‍.

വഖഫ്‌ സ്വത്താണെന്നറിയാതെ നല്ല കാശ് കൊടുത്തു വാങ്ങി കബളിപ്പിക്കപ്പെട്ട നിരപരാധികളെ തിരിച്ചുപിടിക്കുന്ന പണം ഉപയോഗിച്ച് മാന്യമായി പുനരധിവസിപ്പിക്കണം. പുനരധിവസിപ്പിക്കാന്‍ പഴയ തീരുവില മതിയാകില്ലാത്തതിനാല്‍ അന്തസ്സായ പുനരധിവാസത്തിന് ആവശ്യമായതെത്രയാണോ അത്രയും അപഹര്‍ത്താക്കളില്‍ നിന്ന് ഈടാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

വഖഫ് സ്വത്ത് വിഷയത്തിൽ സർക്കാർ സമവായ ചർച്ചയ്ക്ക് നീക്കം നടത്തുമ്പോഴാണ് മുസ്ലിം വിഭാഗത്തിലെ വിവിധ സമുദായങ്ങൾ കടുത്ത നിലപാടുമായി രംഗത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം.

By admin

Leave a Reply

Your email address will not be published. Required fields are marked *