മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം വിട്ടു, ബിരേൻ സർക്കാർ വീഴില്ല
ദില്ലി: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായി എൻപിപി(നാഷ്ണൽ പീപ്പിൾസ് പാർട്ടി) എൻഡിഎ സഖ്യം വിട്ടു. സംസ്ഥാന സർക്കാറിനുള്ള പിന്തുണ പിൻവലിച്ചെന്ന് കത്ത് നൽകിയിരിക്കുകയാണ് എൻപിപി. ജെപി നദ്ദയ്ക്കാണ് കത്ത് നൽകിയത്. സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയിൽ 7 അംഗങ്ങളാണ് എൻപിപിക്കുള്ളത്. 37 അംഗങ്ങൾ ബിജെപിക്കുമുണ്ട്. അതേസമയം, എൻപിപി പിന്തുണ പിൻവലിച്ചെങ്കിലും ബിരേൻ സർക്കാർ വീഴില്ല. ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻപിപി.
അതേസമയം, സംഘർഷം പടരുന്ന മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ് സംഘർഷം. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. പൊലീസ് അക്രമികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു.
ഇംഫാലിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്. ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണം എന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.