മുംബൈ: മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് ഭീഷണിയുമായി അജ്ഞാതന്റെ ഫോണ്‍കോള്‍.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ തലവനാണെന്ന് അവകാശപ്പെട്ടാണ് ഒരാളില്‍ നിന്ന് കോള്‍ വന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് കോള്‍ വന്നതെന്നും സെന്‍ട്രല്‍ ബാങ്ക് ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
നിരോധിത ഗ്രൂപ്പിന്റെ സിഇഒ താനാണെന്നും ഭീഷണി മുഴക്കുന്നതിന് മുമ്പ് ഫോണിലൂടെ ഇയാള്‍ ഒരു ഗാനം ആലപിച്ചതായും അധികൃതര്‍ പറഞ്ഞു. ആര്‍ബിഐയുടെ പിന്നിലെ റോഡില്‍ ഒരു ഇലക്ട്രിക് കാര്‍ നിര്‍ത്തിയിട്ടിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു.
സംഭവം ഉടന്‍ തന്നെ മുംബൈ പോലീസിനെ അറിയിച്ചു. അവര്‍ ഉടനെത്തി തിരച്ചില്‍ നടത്തി. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിളിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായ 2008ലെ മുംബൈ ആക്രമണം നടത്തിയത് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരസംഘടനയാണ്.