ഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാവും ഡല്‍ഹി ഗതാഗത മന്ത്രിയുമായ കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. മന്ത്രി സ്ഥാനവും രാജിവച്ചു.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ അഭിസംബോധന ചെയ്ത തന്റെ രാജിക്കത്തില്‍, ഗഹ്ലോട്ട് തന്റെ തീരുമാനത്തിനുള്ള കാരണങ്ങളായി പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും എടുത്തുകാണിച്ചു.
ഡല്‍ഹിയിലെ ജനങ്ങളോടുള്ള നിര്‍ണായക പ്രതിബദ്ധതകള്‍ നിറവേറ്റുന്നതില്‍ പാര്‍ട്ടിയുടെ കഴിവില്ലായ്മയെ ഗഹ്ലോട്ട് വിമര്‍ശിച്ചു.തിരഞ്ഞെടുപ്പ് വാഗ്ദാനമായ യമുനാ നദി ശുചീകരിക്കുന്നതിലെ പരാജയവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
യമുനയെ ശുദ്ധമായ നദിയാക്കി മാറ്റുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു, പക്ഷേ ഒരിക്കലും അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ യമുനാ നദി ഒരുപക്ഷെ മുമ്പത്തേക്കാള്‍ കൂടുതല്‍ മലിനമായിരിക്കുന്നു.
പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ വിമര്‍ശിച്ചതിന് പുറമേ കെജ്രിവാളിന്റെ പുതിയ ഔദ്യോഗിക ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെയും ഗഹ്ലോട്ട് വിമര്‍ശിച്ചു.
ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തുടര്‍ച്ചയായ സംഘര്‍ഷത്തിലും ഗഹ്ലോട്ട് ഖേദം പ്രകടിപ്പിച്ചു, ഇത് തലസ്ഥാനത്തിന്റെ പുരോഗതിയെ സാരമായി തടസ്സപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മറ്റൊരു വേദനാജനകമായ കാര്യം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന് പകരം നമ്മുടെ സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി മാത്രമാണ് നമ്മള്‍ കൂടുതല്‍ കൂടുതല്‍ പോരാടുന്നത് എന്നതാണ്. ഇത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ പോലും എത്തിക്കാനുള്ള ഞങ്ങളുടെ കഴിവിനെ സാരമായി ബാധിച്ചു.
ഡല്‍ഹി സര്‍ക്കാര്‍ അതിന്റെ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടിയാല്‍ ഡല്‍ഹിക്ക് യഥാര്‍ത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്. ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഞാന്‍ എന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്, അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അതിന് ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും ഗെലോട്ട് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *