അഭിമാന നേട്ടം! യുഎഇയിൽ മലയാളി നഴ്സിന് പുരസ്കാരം; 17 ലക്ഷം രൂപയും സ്വർണ നാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും

അബുദാബി: യുഎഇയിലെ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വന്തമാക്കിയവരില്‍ മലയാളിയും. പത്തനംതിട്ട സ്വദേശിയാണ് അവാര്‍ഡിന് അര്‍ഹയായത്. പത്തനംതിട്ട കൂടല്‍ സ്വദേശിയും മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ നഴ്സിങ് സൂപ്പര്‍വൈസറുമായ മായ ശശീന്ദ്രനാണ് അവാര്‍ഡ് നേടിയത്. ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ് വിഭാഗത്തിലാണ് മായ പുരസ്കാരം നേടിയത്.

75,000 ദിര്‍ഹം ( 17 ലക്ഷം രൂപ) ആണ് മായയ്ക്ക് ലഭിച്ച അവാര്‍ഡ് തുക. നഴ്സിങ് വിഭാഗത്തില്‍ പുരസ്കാരം ലഭിച്ച ഏക മലയാളി കൂടിയാണ് മായ ശശീന്ദ്രന്‍. ആരോഗ്യസേവന രംഗത്തെ മികവാണ് മായയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. പ്രവാസ ലോകത്ത് രോഗികൾക്ക് ആരോഗ്യ, മാനസിക പിന്തുണ നൽകുന്നതിൽ നഴ്സുമാരുടെ സംഭാവന വളരെ വിലപ്പെട്ടതാണെന്നും ഇതില്‍ മായയുടെ സേവനം മാതൃകാപരമാണെന്നും അവാർഡ് നിര്‍ണയ സമിതി വിലയിരുത്തി. 

പുരസ്കാര തുകയായ 17 ലക്ഷം രൂപക്ക് പുറമെ സ്വർണ നാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും ഡിസ്കൗണ്ട് കാർഡും മായയ്ക്ക് ലഭിച്ചു. 13 വർഷമായി ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മായയെ തേടി മുമ്പും അംഗീകാരങ്ങളെത്തിയിട്ടുണ്ട്. നേരത്തെ ബുർജീൽ ഗ്രൂപ്പിന് കീഴിൽ ബെസ്റ്റ് നഴ്സ്, ബെസ്റ്റ് പെർഫോർമർ, ജെം ഓഫ് ദ് ക്വാർട്ടർ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് മലയാളി സമാജം ആദരിച്ച മികച്ച 10 നഴ്സുമാരിലും മായ ഇടംപിടിച്ചിരുന്നു. പത്തനംതിട്ട മായാവിലാസത്തിൽ ശശീന്ദ്രൻറെയും ലീലയുടെയും മകളാണ് മായ. ഭർത്താവ് കോട്ടയം സ്വദേശി അജി നൈനാന്‍. മകൻ ആരോണ്‍ (അഞ്ചാം ക്ലാസ് വിദ്യാർഥി). 

അതേസമയം എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡിന്‍റെ രണ്ടാം പതിപ്പില്‍ അഞ്ച് പുരസ്കാരങ്ങള്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്വന്തമാക്കി. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം സംഘടിപ്പിക്കുന്ന യുഎഇയിലെ തൊഴില്‍ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ്. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ‌ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ അബുദാബിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. മായയ്ക്ക് പുറമെ ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ എച്ച്എസ്ഇ സൂപ്പർവൈസർ ഭരത് കുമാർ, അബുദാബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽ-ദിൻ എന്നിവരും പുരസ്കാരത്തിന് അർഹരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin