4 മണിക്കൂർ നീണ്ട തെരച്ചിൽ; ചാടിപ്പോയ പ്രതിയെ വലയിലാക്കി പൊലീസ്, പിടികൂടിയത് ചതുപ്പിൽ പതുങ്ങിയിരിക്കുമ്പോൾ
എണറാകുളം: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. ഇയാൾക്കായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തെരച്ചിൽ നടത്തിയിരുന്നു. 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ ഭാഗങ്ങളിലെ ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കൈവിലങ്ങോടെയാണ് ഇയാൾ ചാടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെയാണ് പൊലീസ് പിടികൂടിയത്.