രഞ്ജി ട്രോഫി: തകർപ്പൻ തിരിച്ചുവരുവമായി മുഹമ്മദ് ഷമി; മധ്യപ്രദേശിനെതിരെ ബംഗാളിന് ആവേശജയം

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ ബംഗാളിന് 11 റണ്‍സിന്‍റെ  ആവേശ ജയം. രണ്ടാം ഇന്നിംഗ്സില്‍ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് 326 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റുമായി തിളങ്ങിയ ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി രണ്ടാം ഇന്നിംഗ്സിഷൽ മൂന്ന് വിക്കറ്റുമായി തിരിച്ചുവരവില്‍ തിളങ്ങി. സ്കോര്‍ ബംഗാള്‍ 228,276, മധ്യപ്രദേശ് 167,326.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമി മധ്യപ്രദേശിനെതിരെ ഏഴ് വിക്കറ്റ്  സ്വന്തമാക്കി. 338 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മധ്യപ്രദേശ് ക്യാപ്റ്റൻ ശുഭം ശര്‍മ(61)വെങ്കടേഷ് അയ്യര്‍(53), ആര്യൻ പാണ്ഡെ(22), സാരാന്‍ഷ് ജെയിന്‍(32) എന്നിവരുടെ ഇന്നിംഗ്സുകളിലൂടെ വിജയത്തിന് അടുത്തെത്തിയെങ്കിലും സ്കോര്‍ 317ല്‍ നില്‍ക്കെ ശുഭം ശര്‍മ പുറത്തായതോടെ തോല്‍വിയിലേക്ക് വീണു. ശുഭം ശര്‍മ പുറത്തായതിന് പിന്നാലെ പൊരുതി നിന്ന സാരാന്‍ഷ് ജെയിനിനെ ഷഹബാസ് അഹമ്മദും കുമാര്‍ കാര്‍ത്തികേയയെ(6) മുഹമ്മദ് ഷമിയും വീഴ്ത്തിയതോടെയാണ് ബംഗാള്‍ ആവേശ ജയം സ്വന്തമാക്കിയത്.

ഓസീസിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ഇരുട്ടടി; പരിക്കേറ്റ യുവതാരം ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല

മധ്യപ്രദേശിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഷമി 102 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹബാസ് അഹമ്മദ് നാലു വിക്കറ്റെടുത്തു. മത്സരത്തിലാകെ 43.2 ഓവര്‍ പന്തെറിഞ്ഞ ഷമി ഏഴ് വിക്കറ്റെടുത്ത് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള മാച്ച് ഫിറ്റ്നെസ് തെളിയിക്കുകയും ചെയ്തു. സീസണില്‍ ബംഗാളിന്‍റെ ആദ്യ ജയമാണിത്. ജയത്തോടെ അഞ്ച് കളികളില്‍ 14 പോയന്‍റുമായി ബംഗാള്‍ കേരളത്തിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 20 പോയന്‍റുള്ള ഹരിയാനയാണ് ഒന്നാമത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin