വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. അര്‍ജ്ജുന്‍ അശോകന്‍ എന്ന നടന്‍ തന്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. എന്നാല്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കഥാപാത്രവും കൂടിയുണ്ട് ആനന്ദ് ശ്രീബാലയില്‍; സംഗീത മാധവന്‍ നായര്‍ അവതരിപ്പിച്ച ശ്രീബാല.
1980-90 കളില്‍ മലയാളം, തമിഴ്, കന്നഡ, തെലുഗു സിനിമകളില്‍ നിറ സാന്നിധ്യമായിരുന്ന താരമാണ് സംഗീത മാധവന്‍ നായര്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം, മുകേഷ് തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളുടെ നായികയായ് വേഷമിട്ട താരം നീണ്ട കാലയളവിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1992-ല്‍ പുറത്തിറങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായ് മലയാളത്തില്‍ അഭിനയം ആരംഭിച്ച താരം ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നത് ശ്രീനിവാസന്‍ നായകനായെത്തിയ ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെയാണ്.
 ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യ ശ്യാമളയായാണ് സംഗീത വേഷമിട്ടത്. ശ്യാമളയെ പക്വതയോടെ കൈകാര്യം ചെയ്തതിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സംഗീതയെ തേടി എത്തിയിരുന്നു. 
ആ കഥാപാത്രത്തെ അഭിനയിക്കുമ്പോള്‍ തനിക്ക് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ എന്നാണ് ഒരു പ്രമുഖ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംഗീത പറഞ്ഞത്. നാടോടി റിലീസ് ചെയ്ത് 32 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.
ചെറു പ്രായത്തില്‍ അഭിനയത്തില്‍ തുടക്കമിട്ട സംഗീത സിനിമയില്‍ സജ്ജീവമായ് നില്‍ക്കുമ്പോഴാണ് അപ്രതക്ഷ്യമായത്. ഛായാഗ്രാഹകന്‍ എസ് ശരവണനെയാണ് സംഗീത വിവാഹം ചെയ്തത്. ഭാര്യയും അമ്മയുമായതോടെ കുടുംബിനിയായി.
 2014-ല്‍ പുറത്തിറങ്ങിയ ‘നഗര വാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തില്‍ വീണ്ടും ശ്രീനിവാസനോടൊപ്പം വേഷമിട്ട ശേഷം സിനിമയില്‍ നിന്നും മാറിനിന്ന സംഗീത 2023-ല്‍ പുറത്തിറങ്ങിയ ‘ചാവേര്‍’ലൂടെ വന്‍ തിരിച്ചുവരവ് നടത്തി. വര്‍ഷങ്ങളുടെ നീണ്ട കാലയളവിനൊടുവില്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥാപാത്രമായി വീണ്ടും സ്‌ക്രീനില്‍ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’. 
അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളായ കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിര്‍മ്മാതാക്കള്‍.  
‘2018’നും ‘മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തില്‍ പ്രമേയം. 
ആനന്ദ് ശ്രീബാലയായ് അര്‍ജ്ജുന്‍ അശോകനും മെറിനായ് മാളവിക മനോജും വേഷമിടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അപര്‍ണ്ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *