ഡല്‍ഹി: ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എസ്യുവി ഓട്ടോയില്‍ ഇടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് ദാരുണമായ അപകടം ഉണ്ടായത്. ഹ്യുണ്ടായ് ക്രെറ്റ ഓട്ടോയുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് അംഗങ്ങളും ഓട്ടോറിക്ഷയുടെ ഡ്രൈവറുമാണ് മരിച്ചത്.
ധംപൂരില്‍ ദേശീയപാത 74ല്‍ മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്ന ക്രെറ്റ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നവദമ്പതികള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങള്‍ സംഭവസ്ഥലത്തും ഓട്ടോറിക്ഷാ ഡ്രൈവര്‍ ചികിത്സയ്ക്കിടെയും മരിച്ചു.
ക്രെറ്റ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പെട്ടെന്ന് ദിശ മാറി അതിവേഗത്തില്‍ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഏഴുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ തല്‍ക്ഷണം മരിച്ചു, ഓട്ടോ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു. എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം നടക്കുകയാണെന്ന് ബിജ്നോര്‍ എസ്പി അഭിഷേക് പറഞ്ഞു.
മരിച്ചവരില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.