കോട്ടയം: ചാമ്പ്യന്‍സ് ബോട്ട് ലീഗ് സീസണിന്റെ ഉദ്ഘാടനമത്സരവും കോട്ടയം മത്സരവള്ളംകളിയും ശനിയാഴ്ച (നവംബര്‍ 16) താഴത്തങ്ങാടിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടറും സി.ബി.എല്‍. ജനറല്‍ കണ്‍വീനറുമായ ജോണ്‍ വി. സാമുവല്‍ പതാക ഉയര്‍ത്തും. 
ചുണ്ടന്‍ വള്ളങ്ങളുടെ മാസ്ഡ്രില്‍ നടക്കും. ജലഘോഷയാത്ര അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 
തുടര്‍ന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് സി.ബി.എല്ലും മത്സരവള്ളംകളിയും ഉദ്ഘാടനം ചെയ്യും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി. സ്മരണിക പ്രകാശനം നിര്‍വഹിക്കും. മുന്‍ എം.പി. തോമസ് ചാഴികാടന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക.
 ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണുരാജ് സി.ബി.എല്‍. സന്ദേശം നല്‍കും. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ അഡ്വ. വി.ബി. ബിനു, മീനച്ചിലാര്‍-മീനന്തലയാര്‍ നദീസംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസല്‍, നാട്ടകം സുരേഷ്, ലിജിന്‍ ലാല്‍, അസീസ് ബഡായി, ഗനരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, നഗരസഭാംഗങ്ങളായ എം.പി. സന്തോഷ് കുമാര്‍, ബിന്ദു സന്തോഷ് കുമാര്‍, ഷേബാ മാര്‍ക്കോസ്, ജിഷ ജോഷി, റ്റി.ജി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോള്‍, വി.എസ്. ഷമീമ, ബുഷ്റ തല്‍ഹത്ത്, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.ജി. കുര്യച്ചന്‍, ഫാ. ഗീവര്‍ഗീസ് വെട്ടിക്കുന്നേല്‍, എന്‍.കെ. ഷഫീക് ഫാളില്‍ മന്നാനി, സുരേഷ് പരമേശ്വരന്‍, സതീഷ് ബാബു, വെസ്റ്റ് ക്ലബ് സെക്രട്ടറി അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് സമ്മാനവിതരണം നിര്‍വഹിക്കും.
മാറ്റുരയ്ക്കാന്‍ ഒന്‍പത് ചുണ്ടനുകള്‍ നെഹ്റുട്രോഫി ജലോത്സവത്തില്‍ വിജയികളായ ഒന്‍പതു ചുണ്ടന്‍ വള്ളങ്ങളാണ് താഴത്തങ്ങാടി സി.ബി.എല്ലില്‍ മാറ്റുരയ്ക്കുക. കാരിച്ചാല്‍ (ടീം: പള്ളാത്തുരുത്തി പി.ബി.സി), വീയപുരം (കൈനകരി വി.ബി.സി.), നടുഭാഗം (കുമരകം കെ.ടി.ബി.സി.), നിരണം(നിരണം എന്‍.ബി.സി.), തലവടി (കൈനകരി യു.ബി.സി.), പായിപ്പാട് (ആലപ്പുഴ ടൗണ്‍), ചമ്പക്കുളം (പുന്നമട പി.ബി.സി.), മേല്‍പാടം (കുമരകം കെ.ബി.സി.), ആയാപറമ്പ് വലിയദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകളാണ് മത്സരിക്കുക.
കോട്ടയം മത്സരവള്ളംകളിയില്‍ 11 കളിവള്ളങ്ങള്‍ മത്സരിക്കും. തുരുത്തിത്തറ, മൂന്ന് തൈയ്ക്കന്‍ (ഇരുട്ടുക്കുത്തി ഒന്നാം ഗ്രേഡ് വള്ളങ്ങള്‍), സെന്റ് ജോസഫ്, ജലറാണി, തുരുത്തിപ്പുറം, ദാനിയേല്‍, കുറുപ്പും പറമ്പന്‍, താണിയന്‍ (ഇരുട്ടുക്കുത്തി രണ്ടാം ഗ്രേഡ്), പി.ജി. കരീപ്പുഴ, ഏബ്രഹാം മൂന്ന് തൈയ്ക്കന്‍, പുന്നത്ര പുരയ്ക്കല്‍ (വെപ്പ് രണ്ടാം ഗ്രേഡ്) എന്നിവയാണ് മാറ്റുരയ്ക്കുക.
ഉച്ചകഴിഞ്ഞ് മൂന്നിന് കളിവള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും 3.30ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും നടക്കും. 4.15ന് കളിവള്ളങ്ങളുടെ ഫൈനലും 4.40ന് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലും നടക്കും.
വള്ളംകളിയുടെ ഉദ്ഘാടനത്തിനു മുന്‍പും ഇടവേളയിലും കലാപരിപാടികള്‍, ശിങ്കാരിമേളം, വാട്ടര്‍ സ്പോര്‍ട്സ് പരിപാടികള്‍ എന്നിവ അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *