പാർലമെന്റിൽ ബില്ല് വലിച്ചുകീറി, നടുത്തളത്തിൽ ഹക്ക നൃത്തം ചെയ്ത് ന്യൂസിലാൻഡ് എംപി -വീഡിയോ

വെല്ലിങ്ടൺ: പാർലമെന്റ് സമ്മേളനത്തിനിടെ ബിൽ കീറിയെറിഞ്ഞ് പരമ്പരാ​ഗത നൃത്തം ചെയ്ത് ന്യൂസിലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ഹന റൗഹിതി മൈപി ക്ലാർക്ക്. വൈതാം​ഗി ഉടമ്പടിയിലെ ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനുദ്ദേശിക്കുന്ന വിവാദ ബില്ലാണ് എംപി കീറിയെറിഞ്ഞ് നൃത്തം ചെയ്ത് പ്രതിഷേധിച്ചത്. ന്യൂസിലാൻഡിലെ മാവറി വിഭാ​ഗത്തിന്റെ പരമ്പരാ​ഗത നൃത്തരൂപമായ ഹക്കയാണ്  എംപി കളിച്ചത്. ​ഗ്യാലറിയിലെയും കാഴ്ച്ചക്കാരും പ്രതിപക്ഷത്തെ ചില എംപിമാരും ഇവർക്കൊപ്പം നൃത്തത്തിൽ പങ്കെടുത്തു.

ഉടൻ തന്നെ പാർലമെന്റ് സമ്മേളനം നിർത്തിവെച്ച് എംപിയെ സസ്പെൻഡ് ചെയ്തു. ബഹളങ്ങൾക്കിടയിലും, ബിൽ അവതരിപ്പിച്ചു. വോട്ടെടുപ്പിന് മുമ്പ് ബിൽ അടുത്ത ഘട്ടത്തിലേക്ക് നീക്കുമെന്നും അറിയിച്ചു. ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകൾ  പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.

1840-ൽ ഒപ്പുവച്ച വൈതാങ്കി ഉടമ്പടിയിൽ ഭേദ​ഗതി വരുത്താനാണ് നീക്കം. ഉടമ്പടിയുടെ തത്വങ്ങൾ എല്ലാ ന്യൂസിലൻഡുകാർക്കും ഒരുപോലെ ബാധകമാക്കാനാണ് സർക്കാർ നീക്കം. എന്നാൽ, ഭേദ​ഗതികൾ നടപ്പാക്കിയാൽ മാവോറി വിഭാ​ഗത്തിന്റെ അവകാശങ്ങളെ ദുർബലപ്പെടുത്തും വംശീയ വിദ്വേഷത്തിന് കാരണമാകുമെന്നുമാണ് പ്രധാന വിമർശനം.

എസിടി പാർട്ടിയുടെ നേതാവ് ഡേവിഡ് സെയ്‌മോറാണ് ബിൽ അവതരിപ്പിച്ചത്. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ ബില്ലിനോട് വിയോജിച്ചെങ്കിലും സഖ്യകക്ഷിയോടുള്ള രാഷ്ട്രീയ കരാറിൻ്റെ ഭാഗമായി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ സ്വന്തം എംപിമാർക്ക് അനുമതി നൽകി. പ്രധാനമന്ത്രിയുടെ ഈ നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് പ്രതിപക്ഷമുയർത്തിയത്.  

By admin