ഹൈദരാബാദ്: തന്റെ പിതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബാല്യകാലത്തുണ്ടായ ദുരന്തത്തെ വിമര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഈ ദുരന്തം ഉപയോഗിച്ചിട്ടില്ലെന്ന് പ്രിയങ്ക് പറഞ്ഞു.
1948ല്‍ തന്റെ പിതാവിന്റെ വീട് കത്തിച്ചത് ഹൈദരാബാദ് നിസാമിന്റെ റസാക്കറുകളാണെന്നും മുസ്ലീം സമുദായം മുഴുവന്‍ കുറ്റക്കാര്‍ അല്ലെന്നും പ്രിയങ്ക് പ്രതികരിച്ചു. റസാക്കര്‍മാരാണ് ഈ കൃത്യം ചെയ്തത്. എല്ലാ സമൂഹത്തിലും മോശം ആപ്പിളുകളും തെറ്റ് ചെയ്യുന്ന വ്യക്തികളുമുണ്ട്, പ്രിയങ്ക് ട്വീറ്റ് ചെയ്തു.
തന്റെ പിതാവ് ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്നും ഒമ്പത് തവണ എം.എല്‍.എ.യും രണ്ട് തവണ ലോക്സഭാ, രാജ്യസഭാ എം.പിയും, കേന്ദ്രമന്ത്രി, ലോക്സഭാ നേതാവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ നേടിയെന്നും കര്‍ണാടക മന്ത്രി പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജനിച്ചത് നിസാമുകള്‍ ഭരിച്ചിരുന്ന പഴയ ഹൈദരാബാദിലെ ബിദാര്‍ മേഖലയിലാണ്. ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിന് മുമ്പ് ഹൈദരാബാദിലെ രാഷ്ട്രീയ അശാന്തിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഗ്രാമം നിസാം അനുകൂല മിലിഷ്യയായ റസാക്കറുകള്‍ കത്തിച്ചിരുന്നു. ദുരന്തത്തില്‍ ഖാര്‍ഗെക്ക് അമ്മയെയും സഹോദരിയെയും മറ്റ് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു.
മഹാരാഷ്ട്രയിലെ അചല്‍പൂരില്‍ നടന്ന റാലിയില്‍ വിഭജിച്ചാല്‍ നമ്മള്‍ നശിക്കും എന്ന മുദ്രാവാക്യത്തിനെതിരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനത്തിന് മറുപടി പറയവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം സൂചിപ്പിച്ചത്.
ഖര്‍ഗെ ജി, എന്നോട് ദേഷ്യപ്പെടരുത്. നിങ്ങള്‍ക്ക് ദേഷ്യപ്പെടണമെങ്കില്‍ ഹൈദരാബാദ് നൈസാമിനോട് ദേഷ്യപ്പെടുക. ഹൈദരാബാദ് നൈസാമിന്റെ റസാക്കര്‍മാര്‍ നിങ്ങളുടെ ഗ്രാമം കത്തിച്ചു, ഹിന്ദുക്കളെ ക്രൂരമായി കൊന്നു, നിങ്ങളുടെ അമ്മയെയും സഹോദരിയെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ചുട്ടെരിച്ചു. എപ്പോള്‍ വിഭജിച്ചാലും അതേ ക്രൂരമായ രീതിയില്‍ വിഭജിക്കപ്പെടുമെന്ന സത്യം രാജ്യത്തിന് മുന്നില്‍ നിങ്ങള്‍ അവതരിപ്പിക്കുക, ആദിത്യനാഥ് പറഞ്ഞു.
മുസ്ലീം വോട്ടര്‍മാരോടുള്ള തന്റെ അഭ്യര്‍ത്ഥനയെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ഭയന്ന് കോണ്‍ഗ്രസ് മേധാവി ഈ സത്യം അംഗീകരിക്കാന്‍ ‘മടിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
ദുരന്തമുണ്ടായിട്ടും തന്റെ പിതാവ് ഒരിക്കലും ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും വിദ്വേഷം തന്നെ നിര്‍വചിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും പ്രിയങ്ക് പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തത്വങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ആദിത്യനാഥിന് ‘ബുള്‍ഡോസ്’ ചെയ്യാന്‍ കഴിയില്ലെന്നും പ്രിയങ്ക് പറഞ്ഞു.