തൃശൂര്‍: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍. എറിയാട് ഒ.എസ്. മില്ലിന് സമീപം വലിയ വീട്ടില്‍ ജലീലി(52)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നത്. വീടും ഭൂമിയും രാവിലെ കാണിക്കുകയും വൈകിട്ട് ടോക്കണ്‍ വാങ്ങുകയും ചെയ്യും. തൊട്ടടുത്ത ദിവസം മറ്റൊരു കൂട്ടര്‍ വാങ്ങിയതായി പറഞ്ഞ് പണം നല്‍കിയവരെ പറ്റിക്കും. ഇയാളും കുറച്ച് പറമ്പ് കച്ചവടക്കാരും തട്ടിപ്പ് സംഘത്തിലുണ്ടെന്നാണ് വിവരം.
പെട്ടിക്കാട്ടില്‍ മുരളി, എടവിലങ്ങ് ഇരട്ടക്കുളത്ത് ഉമ്മര്‍, എറിയാട് കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിം, പുല്ലൂറ്റ് നാലുമാക്കല്‍ മോഹനന്‍, മേത്തല തോട്ടുങ്ങല്‍ മുഹമ്മദ് ഹബീബ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇവരില്‍ നിന്ന് ഏകദേശം മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം. ദേശീയപാത വികസനത്തില്‍ ലഭിച്ച തുകയില്‍ 80 ലക്ഷം രൂപ ഒരാളില്‍ നിന്ന് മാത്രം ജലീല്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.