ചെന്നൈ: 2026ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി. എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഇപിഎസ് വ്യക്തമാക്കിയിരുന്നു. നേരത്തെ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായുള്ള അനുരഞ്ജനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്താന്‍ ‘സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി’ സഹകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് നവംബര്‍ 10 ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
‘ഇനിയും സംസ്ഥാന തിരഞ്ഞെടുപ്പിന് 18 മാസങ്ങള്‍ ബാക്കിയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ ആരുമായാണ് സഖ്യമുണ്ടാക്കുന്നതെന്ന് അറിയാന്‍ കഴിയൂ. എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ നേതൃത്വം അംഗീകരിക്കുന്ന പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുപോകും. ജനവിരുദ്ധ ഡിഎംകെയെ ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പളനിസ്വാമി പറഞ്ഞു.