കോട്ടയം: സമയത്തിനു കാത്തു നില്‍ക്കില്ല, 50 യാത്രക്കാര്‍ എത്തിയാല്‍ അപ്പോള്‍ തന്നെ ബസ് പുറപ്പെടും. ശബരിമല തീര്‍ഥാടകര്‍ക്കു പ്രത്യേക സൗകര്യങ്ങളുമായി കോട്ടയം കെ.എസ്.ആര്‍.ടി.സി. മണ്ഡലകാല സ്പെഷല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കോട്ടയത്തു നിന്ന് നാളെ രാവിലെ ആരംഭിക്കും.
ഇക്കുറിയും റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന തീര്‍ഥാടകര്‍ക്കായി സ്‌റ്റേഷനു സമീപം കെ.എസ്.ആര്‍.ടി.സി. ബസ് സൗകര്യം ഏര്‍പ്പെടുത്തും. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷനിലൊന്നാണ് കോട്ടയം. ഇവിടെനിന്നു പമ്പയ്ക്ക് ചെയിന്‍ സര്‍വീസ് നടത്തും.
ഇതോടൊപ്പം തീര്‍ഥാടകര്‍ക്കായി ഹെപ്പ് സെന്ററുകളും ഉണ്ടാകും. തീര്‍ഥാടകര്‍ എത്തുന്നതനുസരിച്ചു റെയില്‍വേയുടെ പ്രവേശന കാവടത്തിനു സമീപത്തായി ബസുകള്‍ പാര്‍ക്കു ചെയ്യും. ഇവിടെനിന്നുമായിരിക്കും സര്‍വീസുകള്‍.
ഇവിടെ ഒരു സ്റ്റേഷന്‍ മാസറ്ററെ പ്രത്യേകമായി നിയോഗിക്കും. ട്രെയിനുകള്‍ എത്തുമ്പോള്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ഡിപ്പോയില്‍നിന്ന് അധികമായി ബസുകള്‍ എത്തിക്കും. തീര്‍ഥാടകര്‍ക്കു ബസ് കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കും. ടിക്കറ്റിനായി ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്.
60 ബസുകളാണ് തീര്‍ഥാടകര്‍ക്കായി കോട്ടയം ഡിപ്പോ നിയോഗിച്ചിരക്കുന്നത്. ആദ്യഘട്ടം 40 ബസുകള്‍ സര്‍വീസ് ആരംഭിക്കും. ഡിസംബര്‍ ആദ്യവാരത്തോടെ ബാക്കി 20 ബസുകളും ഓടിത്തുടങ്ങും.
കോട്ടയം ഡിപ്പോയിലെ ബസുകള്‍ക്കു പുറമേ ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലെ ബസുകളും സര്‍വീസിന് എത്തുന്നുണ്ട്.
കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ മറ്റു ജില്ലകളില്‍നിന്നു ബസുകള്‍ എത്തിക്കും. റെയില്‍വേ സ്റ്റേഷന്‍ റോഡിലും റബര്‍ ബോര്‍ഡ് റോഡിലും ബസുകള്‍ പാര്‍ക്ക് ചെയ്യും. വെബ്‌സൈറ്റില്‍ സര്‍വീസ് വിവരങ്ങള്‍ ലഭിക്കും.
നാല്‍പ്പതു പേരില്‍ കുറയാതെ തീര്‍ഥാടകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി കെ.എസ്.ആര്‍.ടി.സി പമ്പയ്ക്ക് പ്രത്യേക സര്‍വീസ് നടത്തും. സൗകര്യപ്രദമായ യാത്ര എന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസ് നടത്തുന്നത്.
കോട്ടയത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഈ സേവനം ലഭ്യമാകും. സാധാരണ നിരക്കുതന്നെയാകും പ്രത്യേക സര്‍വീസിനും. പമ്പ സ്പെഷല്‍ ബസ് സര്‍വീസ് നാളെ തുടങ്ങും.
കോട്ടയത്തുനിന്ന് എരുമേലിക്ക് 94 രൂപയും പമ്പയിലേക്ക് 190 രൂപയുമാണ് നിരക്ക്. 50 യാത്രക്കാര്‍ എത്തിയാല്‍ അപ്പോള്‍തന്നെ ഓടിക്കാന്‍ ബസുകള്‍ കരുതലുണ്ടാകും.
കൂടാതെ എരുമേലി ഡിപ്പോയില്‍നിന്നു സ്പെഷല്‍ പമ്പ സര്‍വീസുണ്ടായിരിക്കും. ശബരിമല തീര്‍ഥാടകരല്ലാത്തവര്‍ക്കും യാത്ര ചെയ്യാം. പ്രധാന സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തും.