കണ്ണൂര്‍: വോട്ടെടുപ്പ് ദിനത്തില്‍ പുറത്തു വന്ന ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. തന്റെ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു
അത് പ്രസിദ്ധീകരിക്കാന്‍ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാന്‍ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാര്‍ത്തയാണ് ഞാന്‍ കാണുന്നതെന്നും ഇ പി ജയരാജന്‍ കണ്ണൂരിലെ വസതിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 
‘തികച്ചും അടിസ്ഥാന രഹിതമാണ്. പുസ്തകം താന്‍ എഴുതി തീര്‍ന്നിട്ടില്ല. ഡി സി ബുക്‌സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. താനതിന്റെ അനുമതി ആര്‍ക്കും കൊടുത്തിട്ടില്ല. ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണ്.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയില്‍ എഴുതുക? താന്‍ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താന്‍ ഒരാള്‍ക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല.
താന്‍ എഴുതിയിട്ട് ടൈപ്പ് ചെയ്യാന്‍ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല.’ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജന്‍ പറഞ്ഞു.
‘എന്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡിസി ബുക്‌സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താന്‍ പറഞ്ഞത്.
ഇന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രസിദ്ധീകരണക്കാരുടെ പ്രത്യേക നടപടികള്‍ ഉണ്ടോ എന്നും സംശയമുണ്ട്. ഇതുവരെ പുസ്തകം ഞാന്‍ എഴുതിക്കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള പരാമര്‍ശം ബോധപൂര്‍വം ഉണ്ടാക്കിയതാണ്.’ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഡിസി പുറത്തിറക്കും എന്ന് പറയുന്ന പുസ്തകം ഏതാണെന്ന് തനിക്കറിയില്ല. തികച്ചും മാനിപുലേറ്റ് ചെയ്തതാണ് പുസ്തകത്തിലെ കാര്യങ്ങള്‍. പുറത്തു വന്നവയെല്ലാം പൂര്‍ണമായും വ്യാജമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണിത്.
ഇതിനെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും. പുസ്തകത്തിന്റെ കവര്‍പേജ് പോലും താന്‍ കണ്ടിട്ടില്ല. തന്നെ ഉപയോഗിച്ചു കൊണ്ട് തെറ്റായ വാര്‍ത്തയുണ്ടാക്കുകയാണ്.’ തന്നെയും പാര്‍ട്ടിയെയും നശിപ്പിക്കാനുള്ള ലക്ഷ്യമാണിതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *