ചെന്നൈ: ചെന്നൈയില്‍ അമ്മയ്ക്ക് തെറ്റായ ചികിത്സ നല്‍കിയെന്ന് ആരോപിച്ച് ഡോക്ടറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ചെന്നൈയിലെ കലൈഞ്ജര്‍ സെന്റിനറി ഹോസ്പിറ്റലില്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടര്‍ ബാലാജിയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി കുത്തേറ്റ നിലയില്‍ ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി വിഘ്നേഷിനെയും കൂട്ടാളികളിലൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഘ്നേഷ് എന്ന പ്രതി ഔട്ട്പേഷ്യന്റ് എന്‍ട്രി പാസ് എടുത്ത് ഡോ. ബാലാജി ജഗന്നാഥ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓങ്കോളജി വിഭാഗത്തില്‍ രാവിലെ 10.30 ഓടെ പ്രവേശിക്കുകയായിരുന്നു.
പ്രതി വിഘ്നേഷിനോടൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നു. വിഘ്‌നേഷിന്റെ അമ്മ പ്രേമ ക്യാന്‍സര്‍ ബാധിതയാണ്, അവരുടെ ചികിത്സയെച്ചൊല്ലി ഡോക്ടറുമായി പ്രതി ചൂടേറിയ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രേമയുടെ ഗുരുതരാവസ്ഥയില്‍ ഡോക്ടറെ കുറ്റപ്പെടുത്തിയ പ്രതി തര്‍ക്കത്തിന് ശേഷം കത്തിയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഏഴു തവണയാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.
സമീപത്തുള്ള ആളുകള്‍ ഉടന്‍ തന്നെ ഡോക്ടറെ സഹായിക്കാന്‍ എത്തുകയും അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് പോലീസിനെ വിന്യസിച്ചു.
ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിയും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *