കോട്ടയം: സായുധസേനാ പതാകനിധിയിലേക്ക് കോട്ടയം ജില്ലയില്‍നിന്ന് ഈ വര്‍ഷം 15.35 ലക്ഷം രൂപ സമാഹരിക്കാന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സായുധസേന പതാകദിന നിധി കമ്മിറ്റി തീരുമാനിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു.
 സായുധസേനാ പതാകദിനത്തിന്റെ ടോക്കണ്‍ ഫ്ളാഗ്, കാര്‍ ഫ്ളാഗ്, കാര്‍ ഗ്ലാസ് സ്റ്റിക്കര്‍ എന്നിവയുടെ വില്‍പനയിലൂടെയും എന്‍.സി.സി. കേഡറ്റ്സ് ഹുണ്ടി ബോക്സ് പിരിവിലൂടെയും സഹകരണ സൊസൈറ്റികളുടെ പൊതുനന്മ ഫണ്ടില്‍നിന്ന് സംഭാവന സ്വീകരിച്ചുമാണ് പതാകനിധിയിലേക്ക് തുക സമാഹരിക്കുക. വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.
ടോക്കണ്‍ ഫ്ളാഗിന് 10 രൂപയും കാര്‍ ഫ്ളാഗിന് 20 രൂപയും കാര്‍ ഗ്ലാസ് സ്റ്റിക്കറിന് 100 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. 70080 ടോക്കണ്‍ ഫ്ളാഗുകളും 39680 കാര്‍ ഫ്ളാഗുകളും 408 കാര്‍ ഗ്ലാസ് സ്റ്റിക്കറുകളും വിവിധ വകുപ്പുകള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴി വിതരണം ചെയ്യും.
 ഡിസംബര്‍ ഏഴിനാണ് സായുധസേന പതാക ദിനം. സായുധസേനാ പതാകനിധിയിലേക്ക് ജില്ലാതലത്തില്‍ മികച്ച നിലയില്‍ തുക സമാഹരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും വിദ്യാഭ്യാസ ഇതര സ്ഥാപനത്തിനും ട്രോഫി നല്‍കും. 
കഴിഞ്ഞ വര്‍ഷം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസും ജില്ലാ രജിസ്ട്രാര്‍ ഓഫീസുമാണ് ഈ നേട്ടം കൈവരിച്ചത്. സായുധസേന പതാകനിധിയിലേക്ക് തുക സമാഹരണത്തിന് എല്ലാവരും സഹകരിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അഭ്യര്‍ഥിച്ചു.
ജില്ലാ സൈനിക ബോര്‍ഡ് യോഗവും ഇതോടനുബന്ധിച്ചു നടന്നു. ജില്ലാ സൈനിക ബെനവലന്റ് ഫണ്ടില്‍നിന്ന് തുക അനുവദിക്കുന്നതിനുള്ള വിമുക്തഭടന്മാരുടെ സാമ്പത്തിക സഹായത്തിനായുള്ള എട്ട് അപേക്ഷകള്‍ സൈനിക ക്ഷേമ ഡയറക്ട്രേറ്റിന് സമര്‍പ്പിക്കുന്നതിനായി അനുമതി നല്‍കി.
സംസ്ഥാന സൈനിക ബെനവലന്റ് ഫണ്ടില്‍നിന്ന് സഹായം അനുവദിക്കുന്നതിനായി 3.76 ലക്ഷം രൂപയുടെ 25 അപേക്ഷകള്‍ ഡയറക്ടറേറ്റിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ക്യാപ്റ്റന്‍ വിനോദ് മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. ഉഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *