തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം അടിസ്ഥാനത്തിൽ വേർതിരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് സസ്പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരേ മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തേക്കും.
ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവ് ഉണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് സസ്പെൻഷൻ ഉത്തരവിലുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സസ്പെൻഷൻ ഉത്തരവ് സഹിതമുള്ള പരാതി കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡിജിപിക്ക് കൈമാറി. ഇത് തുടർനടപടിക്കായി തിരുവനന്തപുരം കമ്മീഷണർ ജി.സ്പർജ്ജൻ കുമാറിന് ഡിജിപി കൈമാറിയിട്ടുണ്ട്. സസ്പെൻഷന് പുറമെ ഗോപാലകൃഷ്ണൻ കേസിലും കുടുങ്ങുന്ന സ്ഥിതിയാണിപ്പോൾ.
എന്നാൽ വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരോ സർക്കാരോ പരാതി നൽകിയാലല്ലാതെ പുറമെ നിന്നുള്ള പരാതി പരിഗണിച്ച് കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
മുസ്ലീം ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ തന്നെ ചേർത്തതായി കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇതൊരു പരാതിയല്ലെന്ന് അദീല വ്യക്തമാക്കിയിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവ് ഉണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് സസ്പെൻഷൻ ഉത്തരവിലുണ്ട്. പരാതിയിൽ ഇക്കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കള്ളപ്പരാതി നൽകിയതും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതുമടക്കം നിരവധി കുറ്റങ്ങൾ ഗോപാലകൃഷ്ണനെതിരേ ചുമത്താൻ കഴിയുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പൊലീസിനു വ്യാജപരാതി നൽകുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗോപാലകൃഷ്ണൻ ഹാജരാക്കിയ തന്റെ രണ്ട് ഫോണുകൾ പലവട്ടം ഫോർമാറ്റ് ചെയ്താണ് പൊലീസിന് നൽകിയത്. ഇത് തെളിവു നശിപ്പിക്കലിന്റെ ഭാഗമാണ്.
ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലും ഗോപാലകൃഷ്ണൻ ഹാക്കിംഗ് വാദം ആവർത്തിച്ചിരുന്നു. സർക്കാരിനെയുംപൊലീസിനെയും തെറ്റിദ്ധരിപ്പിച്ചതും കുറ്റകരമാണ്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതീയ വേർതിരിവിനു ഗോപാലകൃഷ്ണൻ ലക്ഷ്യമിട്ടതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
കെ. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ല. മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചത് ഗോപാലകൃഷ്ണനാണ്. തന്റെ ഫോൺ റീസെറ്റ് ചെയ്തശേഷമാണ് ഫോറൻസിക് പരിശോധനയ്ക്ക് നൽകിയത്. ഐഎഎസുകാർക്കിടയിൽ വേർതിരിവുണ്ടാക്കുകയും ഐക്യം തകർക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചത്- ഉത്തരവിൽ വ്യക്തമാക്കുന്നു.
സമൂഹത്തിലെ ഐക്യത്തിന് കോട്ടംതട്ടുന്ന തരത്തിലുള്ള പെരുമാറ്റം സിവിൽ സർവീസ് ചട്ടപ്രകാരം ഗുരുതരസ്വഭാവമുള്ളതാണ്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു മാത്രമല്ല അതു പുറത്തറിഞ്ഞപ്പോൾ മുസ്ലീം ഉദ്യോഗസ്ഥർക്കായി ഗ്രൂപ്പുണ്ടാക്കിയതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.
ഗൂഗിളും വാട്സാപ്പും ഇന്റർനെറ്റ് സേവനദാതാക്കളും ഹാക്കിംഗ് നിഷേധിച്ചു. ഫോറൻസിക് പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ല. ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തതിനാൽ ഹാക്കിംഗ് തിരിച്ചറിയാനാവുന്നില്ല.
ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ.പി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചു. ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്നതും ഗോപാലകൃഷ്ണന് തിരിച്ചടിയായി.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ ഉന്നതപദവി ഉറപ്പാക്കാൻ, താൻ കേരളത്തിൽ ഐ.എ.എസുകാർക്കിടയിൽ സ്വാധീനമുള്ളയാളാണെന്ന് കേന്ദ്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ അറിയിക്കാനായിരുന്നു ഗോപാലകൃഷ്ണന്റെ ശ്രമമെന്നാണ് പൊലീസിന്റെ അനുമാനം.
വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതല്ലാതെ, സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. പരാതി കിട്ടിയ സ്ഥിതിക്ക് ഗോപാലകൃഷ്ണനെതിരേ പൊലീസിന് കേസെടുക്കേണ്ടി വരും.