ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ 11 കുക്കി തീവ്രവാദികളെ സൈന്യം വെടിവച്ചു കൊന്നു.
ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സിആര്‍പിഎഫ് തിരിച്ചടിക്കുകയും 11 കുക്കി തീവ്രവാദികളെ വധിക്കുകയും അവരുടെ കൈവശം നിരവധി ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി സൈന്യം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സിആര്‍പിഎഫ് ജവാന്‍ ഇപ്പോള്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം, കുക്കി തീവ്രവാദികള്‍ ബോറോബെക്ര പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് തിരിച്ചടിച്ചിരുന്നു.
കുക്കി-സോ കൗണ്‍സില്‍ ചൊവ്വാഴ്ച രാവിലെ 5 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാനത്തെ മലയോര മേഖലകളില്‍ സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.