എരുമേലി: ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ കാട്ടുപന്നി ശല്യം തീര്‍ഥാടക വാഹനങ്ങള്‍ക്കു ഭീഷണിയാകുമോ ? എരുമേലി ടൗണില്‍പോലും പാഞ്ഞെത്തുന്ന കാട്ടുപന്നികള്‍ നാശം വിതയ്ക്കുന്നതിനൊപ്പം ജനങ്ങള്‍ക്കു കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നതും പതിവാണ്.
പൊന്തക്കാടുകളില്‍ നിന്നു റോഡിലേക്കു കൂട്ടമായി പാഞ്ഞെത്തുന്ന കാട്ടുപന്നികളെ ഇടിച്ചു വാഹനം അപകടത്തില്‍പ്പെടുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. തീര്‍ഥാടക വാഹനങ്ങള്‍ എത്തുന്നതോടെ അപകടങ്ങള്‍ വര്‍ധിക്കുമോയെന്ന ആശങ്കയും ശക്തമാണ്.
എ.ടി.എമ്മിലേക്കു പണമെടുക്കാന്‍ നിന്നയാള്‍ കുതിച്ചെത്തിയ കാട്ടുപന്നിയില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടതു തിങ്കളാഴ്ചയാണ്. എരുമേലി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ഐ.ബി.യുടെ എ.ടി.എം കൗണ്ടറിലാണു സംഭവം.
മുക്കുട സ്വദേശി ഗോപാലന്‍ എ.ടി.എമ്മില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെയാണു കാട്ടുപന്നി കൗണ്ടറിലേക്കു കുതിച്ചെത്തിയത്. വലിയ ഗ്ലാസ് വാതില്‍ തകര്‍ത്തു പന്നി അകത്ത് പ്രവേശിച്ചതോടെ ഭയന്നുപോയ ഗോപാലന്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പൊട്ടിയ ഗ്ലാസ് കാലില്‍ കൊണ്ട് ഗോപാലനു പരുക്കേറ്റു. ഗ്ലാസ് ഡോര്‍ പൊട്ടി തലയില്‍ വീഴാതിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു.
കാട്ടുപന്നിയുടെ ശല്യത്താല്‍ ഏരുമേലിയും ശബരിമല പാതകളും ദുരിതത്തിലാണ്. മുക്കൂട്ടുതറ, കണമല, പമ്പാവാലി, എയ്ഞ്ചല്‍, അഴുത, കാളകെട്ടി കണ്ണിമല എന്നിവിടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
ഇവിടങ്ങളിലെ കപ്പ, വാഴ, ചേമ്പ്, ചേന തുടങ്ങിയവ കൃഷികളെല്ലാം എല്ലാം പന്നികള്‍ നശിപ്പിക്കുകയാണ്. ഇരുട്ടുന്നതോടെ ഇറങ്ങുന്ന പന്നികള്‍ പുലരും വരെ ഈ പ്രദേശത്തു കാണും.
കാട്ടുപന്നികള്‍ വിഹരിക്കുന്നതു റബര്‍ ടാപ്പിങ്ങിനും പ്രതിസന്ധിയാണ്. ഇവയെ ഭയന്നു ടാപ്പിങ് തൊഴിലാളികള്‍ നേരം പുലര്‍ന്ന ശേഷമാണു ജോലി ആരംഭിക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ സ്ത്രീകളും കുട്ടികളും പുറത്ത് ഇറങ്ങാറില്ല.