അർധരാത്രി ഉ​ഗ്രശബ്ദം കേട്ട് വീട്ടുകാർ; കണ്ടത് നിന്നുകത്തുന്ന കാർ; ആറ്റിങ്ങലിൽ എറിഞ്ഞത് പെട്രോൾ പന്തം, അന്വേഷണം

തിരുവനന്തപുരം: ആറ്റിങ്ങലിൽ വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ആറ്റിങ്ങൽ ആലംകോട് സ്വദേശി സഫറുദീന്റെ കാറിനാണ് തീയിട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രായപൂർത്തിയാകാത്തവർ കേസിൽ ഉൾപ്പെടാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായും നഗരൂർ പൊലിസ് പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നേ മൂക്കാലോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ ആലംകോട് ദാറുസ്സലാം വീട്ടിൽ സഫറുദീൻ്റെ കാറാണ് അഗ്നിക്കിരയായത്. വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് പെട്രോൾ പന്തമെറിയുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോൾ കാണുന്നത് വാഹനത്തിലും വീടിൻ്റെ മുൻവശത്തേക്കും തീ പടരുന്നതാണ്. തീ കെടുത്താനുള്ള ശ്രമത്തിനിടെ സഫറുദീൻ്റെ കാലിനും പൊള്ളലേറ്റു. 

മകള്‍ പഠിക്കുന്ന സ്കൂളിൽ സഹപാഠികളുമായി വാക്കു തർക്കമുണ്ടായിട്ടുണ്ടെന്നും അതിൽ ഉൾപ്പെട്ടവരാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നെന്നും സഫറുദ്ദീൻ പറഞ്ഞു. വീടിന് നേരെ മുമ്പും ആക്രമങ്ങളുണ്ടായിട്ടുണ്ടെന്നും ഇയാൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടക്കുന്നതായും പ്രായപൂർത്തിയാകാത്തവർ കാർ കത്തിക്കലിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നുവെന്നും നഗരൂർ പൊലീസ് പറഞ്ഞു.

By admin

You missed