നവീൻ ബാബുവിൻ്റെ മരണം; കേസിൽ പ്രശാന്തിന് ക്ലീൻ ചിറ്റ്, ദിവ്യയുടെ പ്രസം​ഗം മാത്രം അടിസ്ഥാനം

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ല. അതേസമയം, ഗൂഢാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് പുറത്തുവരുന്ന വിവരം. കേസിലെ പ്രതി ദിവ്യയ്ക്ക് ലഭിച്ച ജാമ്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് കുടുംബം.

അതേസമയം, പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച ദിവ്യ, വാർത്തയായതോടെ തിരുത്തി രം​ഗത്തെത്തി. പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ പ്രതികരിച്ചു. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേസ്ബുക്ക്  പോസ്റ്റിലൂടെ വ്യക്തമാക്കി. തന്‍റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും പിപി ദിവ്യ പറഞ്ഞു. 

ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയിൽ പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ നേതാക്കളെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയുള്ള പ്രചാരണങ്ങള്‍ തള്ളികൊണ്ടാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.

‘പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും, പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്’; എംവി ഗോവിന്ദൻ

 

By admin