നിയുക്‌ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ തിരഞ്ഞെടുപ്പ് അട്ടിമറി കേസ് മരവിപ്പിക്കാൻ വാഷിംഗ്‌ടൺ ഫെഡറൽ കോടതിയിൽ ജഡ്‌ജ് ടാന്യ ചുട്ക്കൻ സമ്മതിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിന്റെ അപേക്ഷ മാനിച്ചാണിത്.
പുതിയ സാഹചര്യത്തിൽ ട്രംപിനെതിരായ കേസുകൾ നിലനിൽക്കാൻ ബുദ്ധിമുട്ടാണെന്നു വ്യക്തമായതോടെയാണ് സ്മിത്ത് അപേക്ഷ നൽകിയത്. “മുന്പുണ്ടാവാത്ത സാഹചര്യങ്ങൾ” ഉരുത്തിരിഞ്ഞു വന്നതിനാൽ “നടപടിക്രമങ്ങൾക്കു നിശ്ചയിച്ച സമയപരിധി അവസാനിപ്പിക്കാൻ” സ്മിത്ത് അഭ്യർഥിച്ചിരുന്നു.
കുറ്റാരോപിതനായ വ്യക്തിയെ പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്നു ജനുവരി 6നു സ്ഥിരീകരിക്കയും അദ്ദേഹം ജനുവരി 21നു സ്ഥാനമേൽക്കയും ചെയ്യും എന്നിരിക്കെ നടപടി ക്രമങ്ങൾ തുടരണോ എന്ന് തീരുമാനിക്കേണ്ടതുണ്ടെന്നു സ്മിത്ത് ചൂണ്ടിക്കാട്ടി.
പ്രസിഡന്റുമാരെ ഫെഡറൽ ജസ്റ്റിസ് ഡിപ്പാർട്മെന്റ് പ്രോസിക്യൂട്ട് ചെയ്യുന്ന പാരമ്പര്യമില്ല.നീലച്ചിത്ര നടിയുടെ നിശബ്ദത വാങ്ങാൻ പണം കൊടുത്തത് മറയ്ക്കാൻ ട്രംപ് ബിസിനസ് രേഖകളിൽ തിരുത്തൽ നടത്തി എന്ന കേസിൽ നവംബർ 26നു ന്യൂ യോർക്ക് കോടതി വിധി പറയേണ്ടതാണ്.
ആ കേസ് കൊണ്ടുവന്നത് ന്യൂ യോർക്ക് പ്രോസിക്യൂട്ടർ ആയതിനാൽ അത് തുടരാവുന്നതാണ്. എന്നാൽ വിധി പറയേണ്ട എന്നു തീരുമാനിക്കാൻ ജഡ്‌ജിന് അധികാരമുണ്ട്. ശിക്ഷിച്ചാൽ ട്രംപ് ജയിലിൽ പോകേണ്ടി വരും എന്ന സങ്കീർണ നിയമ പ്രശ്‌നവും ആ കേസിൽ ഉണ്ട്.
വൈറ്റ് ഹൗസിൽ നിന്നു രഹസ്യ രേഖകൾ കടത്തി എന്ന കേസ് ജഡ്‌ജ് ഐലീൻ കാനൻ തള്ളിയിരുന്നു. അതിനെതിരെ സ്മിത്ത്. അപ്പീൽ പോയിട്ടുണ്ട്. ജോർജിയയിൽ 2020 തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചെന്ന കേസ് നിലവിലുണ്ട്.