ബംഗളൂരു:  മഹായുതി സഖ്യത്തിന്റെ നേതാക്കള്‍ക്ക് സംസ്ഥാനം സന്ദര്‍ശിക്കാനും സര്‍ക്കാരിന്റെ ഗ്യാരണ്ടി പദ്ധതികളെക്കുറിച്ച് നേരിട്ട് വിവരങ്ങള്‍ അറിയാനും ചാര്‍ട്ടേഡ് വിമാനങ്ങളും ബസുകളും ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.
മുംബൈയിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സുഖു എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കര്‍ണാടക സര്‍ക്കാരിന്റെ ഗ്യാരന്റി പദ്ധതികളെക്കുറിച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തി മഹാരാഷ്ട്രയില്‍ വ്യാജ പരസ്യം നല്‍കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.
തെറ്റായ പ്രചാരണം നടത്തിയ പാര്‍ട്ടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. എല്ലാ വാഗ്ദാനങ്ങളും പാലിച്ച കര്‍ണാടക സര്‍ക്കാരിനെക്കുറിച്ച് അവര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹായുതി നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കര്‍ണാടക സന്ദര്‍ശിക്കാനും ഞങ്ങളുടെ ഗ്യാരന്റി പദ്ധതികളുടെ വിജയം നേരിട്ട് കാണാനും കഴിയും. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി ഞാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ബസുകളും ക്രമീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്യാരന്റി പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്പ് കര്‍ണാടകയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 10.2 ശതമാനമായി ഉയര്‍ന്നുവെന്ന് ശിവകുമാര്‍ അവകാശപ്പെട്ടു. ഇത് ഞാന്‍ പറയുന്ന നമ്പറല്ല, കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ പുറത്തുവിട്ട നമ്പറുകളാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക സര്‍ക്കാരിന്റെ ഗ്യാരന്റി പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി കോപ്പിയടിക്കുന്നതായും ഉപമുഖ്യമന്ത്രി ആരോപിച്ചു.
കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരന്റി പദ്ധതികള്‍ ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ എല്ലാ ബിജെപി നേതാക്കളും പരിഹസിച്ചു.
വിരോധാഭാസമെന്നു പറയട്ടെ, അതേ നേതാക്കള്‍ നമ്മുടെ പദ്ധതികള്‍ പകര്‍ത്തുകയും മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായ പദ്ധതികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിച്ചതിന് ശേഷമാണ് ഗ്യാരണ്ടി പദ്ധതികള്‍ പ്രഖ്യാപിച്ചതെന്നും ശിവകുമാര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed