തൃശൂർ: ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന ചേലക്കരയിൽ ‘രാഷ്ട്രീയ ഇസ്ലാമിന്’ എതിരെ പ്രചരണവുമായി ബി.ജെ.പി. പാർട്ടിക്ക് കീഴിലുളള ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ ഇസ്ലാമിൻെറ വിപത്തുകളെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന ലഘുലേഖയുമായി പ്രചരണം നടത്തുന്നത്.
രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ക്രൈസ്തവ ഭവനങ്ങളിൽ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ച ക്രൈസ്തവർക്ക് ദോഷകരമാണെന്നാണ് ലഘുലേഖയിലെ മുന്നറിയിപ്പ്.
ക്രൈസ്തവ സഭകൾ വൈകാരികമായി സമീപിച്ചിരിക്കുന്ന മുനമ്പത്തെ വഖഫ് ഭൂപ്രശ്നം, മൂവാറ്റുപുഴ നിർമ്മല കോളജിലെ നിസ്കാര മുറി വിവാദം തുടങ്ങിയവയെപറ്റിയെല്ലാം ലഘുലേഖയിൽ പരാമർശിക്കുന്നുണ്ട്.
ഇടത്-വലത് മുന്നണികൾ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്നാണ് ലഘുലേഖയിലെ മറ്റൊരാരോപണം. ചേലക്കര മണ്ഡലത്തിലെ എല്ലാ മേഖലയിലുമുളള ക്രിസ്ത്യൻ വീടുകളിൽ ലഘുലേഖ എത്തിക്കാനാണ് തീരുമാനം.
കാളിയാ റോഡ് ചർച്ച് ഇടവകയിലാണ് ഇന്ന് ലഘുലേഖ വിതരണം ചെയ്തത്. പാലക്കാട്ടെ അഗ്രഹാരങ്ങൾ കേന്ദ്രീകരിച്ചും ക്രൈസ്തവ മേഖലകൾ കേന്ദ്രീകരിച്ചും മുനമ്പം ഭൂപ്രശ്നം ബി.ജെ.പി ചർച്ച ആക്കുന്നുണ്ട്.
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ ഈ നീക്കങ്ങളെന്നാണ് എൽ.ഡി.എഫിൻെറയും യു.ഡി.എഫിൻെറയും ആരോപണം.
”രാഷ്ട്രീയ ഇസ്ലാമിമിൻെറ വളർച്ച കേരളത്തിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്യാൻ പോകുന്നത് ഇവിടെയുളള ക്രിസ്ത്യൻ സമുദായത്തിനായിരിക്കും. ക്രൈസ്തവർ അന്ധമായ രാഷ്ട്രീയ അടിമത്തങ്ങളുപേക്ഷിച്ച് ഐക്യത്തോടെ നിന്നാൽ മാത്രമേ ഇവിടെ അതിജീവനം സാധ്യമാകൂ. ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന ഇടത് -വലത് മുന്നണികളെ ഒറ്റക്കെട്ടായി ബഹിഷ്കരിക്കുന്നതിന് ഇനിയും വൈകരുത്.
രാഷ്ട്രത്തിനും സമൂഹത്തിനും ഭീഷണിയായ ഇത്തരം അധിനിവേശ രാഷ്ട്രീയ പ്രവണതകൾക്കെതിരെ സധൈര്യം മുന്നോട്ടുവരണമെന്നും നിങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്നു”-ലഘുലേഖ ക്രൈസ്തവ സമൂഹത്തിന് മുന്നിൽ വെയ്ക്കുന്ന ആവശ്യം ഇതാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപിക്ക് ക്രൈസ്തവ വിഭാഗത്തിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിരുന്നു. ഒല്ലൂർ നിയമസഭാ മണ്ഡലം പോലെ ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ ഇടത്തൊക്കെ ഒന്നാമത് എത്താനും കഴിഞ്ഞിരുന്നു.
ഈ ആത്മവിശ്വാസത്തിലാണ് ക്രൈസ്തവരെ ലക്ഷ്യംവെച്ചുളള കാമ്പയിനുമായി ചേലക്കരയിലും പാലക്കാടും ബി.ജെ.പി കളത്തിലിറങ്ങിയരിക്കുന്നത്. ഈ പ്രചാരണത്തിന് പറ്റിയ ഏറ്റവും നല്ല ആയുധമായി മുനമ്പത്തെ ഭൂമി പ്രശ്നം മാറുകയും ചെയ്തു.
കേരളത്തിൻെറ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കഴിഞ്ഞ മൂന്ന് ദശാബ്ദം കൊണ്ട് രാഷ്ട്രീയ ഇസ്ലാമിൻെറ പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നുവെന്നും അതിൻെറ അപകടം തിരിച്ചറിയാൻ ക്രിസ്ത്യൻ സമൂഹത്തിലെ മത-രാഷ്ട്രീയ നേതാക്കന്മാർ വൈകിയെന്നും ആരോപിച്ചാണ് ബി.ജെ.പിയുടെ പ്രചരണം.