ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്നും ഡിസംബറില്‍ ഇന്ത്യയ്ക്ക് ആദ്യ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് തുശീല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിസംബര്‍ 9 ന് റഷ്യയിലെ കലിനിന്‍ഗ്രാഡിലെ യന്തര്‍ ഷിപ്പ്യാര്‍ഡില്‍ ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പല്‍ സ്വീകരിക്കും.
ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മാണത്തിലിരിക്കുന്ന നാല് അത്യാധുനിക യുദ്ധക്കപ്പലുകളില്‍ ആദ്യത്തേതാണ് തുശീല്‍. പാന്‍ഡെമിക്കും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെയും തുടര്‍ന്നുള്ള വിതരണ പരിമിതി കാരണമാണ് വിതരണം വൈകിയത്.
നൂതന സ്റ്റെല്‍ത്ത് ഫ്രിഗേറ്റായ തുശില്‍ അത്യാധുനിക ആയുധ സംവിധാനങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വ്യോമ പ്രതിരോധം, അന്തര്‍വാഹിനി വിരുദ്ധ യുദ്ധം, ഉപരിതല പോരാട്ടം എന്നിവയുള്‍പ്പെടെ ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും.
ഇതിന്റെ രൂപകല്പന ഇന്ത്യന്‍ നാവികസേനയ്ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തന ശേഷി പ്രദാനം ചെയ്യും. ഇതിന് വിവിധ ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയും.